അധിര്‍ രഞ്ജന്‍ ചൗധരിയെ പൂട്ടാൻ യൂസഫ് പത്താൻ; മഹുവയ്ക്കും സീറ്റ്..സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പത്താൻ, കിർത്തി ആസാദ് എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. മുൻ എംപി മഹുവ മൊയ്ത്രയും മത്സരിക്കും.
സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ബഹറാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് പഠാൻ മത്സരിക്കുന്നത്. 1999 മുതല്‍ അധിർ രഞ്ജൻ വിജയിച്ച് കയറുന്ന മണ്ഡലമാണ് ബഹറാംപൂർ. അതുകൊണ്ട് തന്നെ പത്താനെ മത്സരിക്കാനുള്ള തൃണമൂലിന്റെ നീക്കം കോൺഗ്രസ് കേന്ദ്രങ്ങൾക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിനേയും അധ്യക്ഷ മമത ബാനർജിയേയും നിരന്തരം വിമർശിക്കുന്ന നേതാവാണ് അധിർ രഞ്ജൻ ചൗധരി. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂലുമായി സഖ്യം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തോട് തുടക്കം മുതൽ തന്നെ അധിർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സി പി എമ്മുമായി സഖ്യം ഉണ്ടാക്കുന്നതിനോടായിരുന്നു അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. ഇതിനെല്ലാമുള്ള മറുപടി എന്ന നിലയിലാണ് ബഹ്റാംപൂറിൽ നിന്നുള്ള പത്താന്റെ സ്ഥാനാർത്ഥിത്വം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയ്ക്ക് കൃഷ്ണ നഗറിൽ നിന്ന് തന്നെയാണ് സീറ്റ് നൽകിയിരിക്കുന്നത്. പട്ടികയിൽ നുസ്രത് ജഹാൻ ഇടംപിടിച്ചിട്ടില്ല. അടുത്തിടെ ഉയർന്ന സന്ദേശ്ഖാലി വിവാദം നുസ്രത്തിനെതിരെ ബിജെപി ആയുധമാക്കിയിരുന്നു. ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമ പരാതി ഉൾപ്പെടെ ഉന്നയിച്ച് സ്ത്രീകൾ സമരം ചെയ്യുമ്പോൾ, തൃണമൂൽ നേതാവ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നുവെന്നായിരുന്നു ബി ജെ പി വിമർശിച്ചത്. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് വീണ്ടും സീറ്റ് ലഭിച്ചേക്കില്ലെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു.
അതേസമയം ബോളിവുഡ് ഇതിഹാസം ശത്രുഗൻ സിൻഹ ഉൾപ്പെടെ നിരവധി പ്രമുഖർ തൃണമൂലിൻ്റെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അൻസോളിൽ നിന്നാണ് ശത്രുഘ്നൻ സിൻഹ മത്സരിക്കുന്നത്. 42 പേരുകളിൽ ഹൂഗ്ലിയിൽ നിന്നുള്ള ജനപ്രിയ നടി രചന ബാനർജി ഉൾപ്പെടെ നിരവധി ടോളിവുഡ് (ബംഗാൾ സിനിമ) താരങ്ങളും ഉണ്ട്. ജൂൺ മാലിയ, ദീപക് അധികാരി ,സതാബ്ദി റോയ് എന്നിവർക്കാണ് സീറ്റ് ലഭിച്ചത്. ജൂൺ മേദിനിപൂരിൽ നിന്നും ദേവ് ഘട്ടലിൽ നിന്നും ശതാബ്ദി ബിർഭൂമിൽ നിന്നുമാണ് മത്സരിക്കുക.
ഇക്കുറി തനിച്ചാണ് തൃണമൂൽ സംസ്ഥാനത്ത് മത്സരിക്കുന്നത്. നേരത്തേ കോൺഗ്രസുമായി തൃണമൂൽ സഖ്യചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെ തനിച്ച് മത്സരിക്കുമെന്ന് തൃണമൂൽ പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications