ഇനി ഭാര്യാഭര്‍ത്താക്കന്‍മാരല്ല... ചാഹലും ധനശ്രീയും വിവാഹമോചിതരായി, ജീവനാംശമായി നല്‍കിയത്...
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനും ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ വര്‍മ്മയ്ക്കും മുംബൈ കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. ചാഹലിന്റെ അഭിഭാഷകന്‍ നിതിന്‍ കുമാര്‍ ഗുപ്ത ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി വിവാഹമോചന അപേക്ഷ അനുവദിച്ചു എന്നും ഇരു കക്ഷികളുടെയും സംയുക്ത ഹര്‍ജി കോടതി അംഗീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കക്ഷികള്‍ ഇനി ഭാര്യാഭര്‍ത്താക്കന്മാരല്ല എന്നും നിതിന്‍ വ്യക്തമാക്കി. 2020 ഡിസംബറില്‍ ആണ് യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും വിവാഹിതരായിത്. 2022 ജൂണ്‍ മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ് എന്ന് ഇരുവരും പറഞ്ഞു. ഈ ഫെബ്രുവരി 5 നാണ് പരസ്പര സമ്മതത്തോടെ വിവാഹമോചനം ആവശ്യപ്പെട്ട് ചാഹലും ധനശ്രീയും കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വരാനിരിക്കുന്ന ഐപിഎല്ലില്‍ ചാഹല്‍ പങ്കെടുക്കുന്നതിനാല്‍ അദ്ദേഹം പിന്നീട് ലഭ്യമാകില്ല എന്ന വസ്തുത കണക്കിലെടുത്ത്, വ്യാഴാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച കുടുംബ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ കോടതി ഇരുവര്‍ക്കും വിവാഹ മോചനം അനുവദിച്ചത്.
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതിന് ശേഷം ദമ്പതികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ആറ് മാസത്തെ കൂളിംഗ് ഓഫ് പിരീഡും ബുധനാഴ്ച ഹൈക്കോടതി ഒഴിവാക്കി. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷിച്ചതിനാല്‍, തങ്ങളുടെ കേസില്‍ കൂളിംഗ്-ഓഫ് പിരീഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയില്‍ സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
അഭിഭാഷകനായ നിതിന്‍ ഗുപ്ത മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവാഹമോചന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ കുടുംബ കോടതിയോട് നിര്‍ദ്ദേശിക്കണമെന്ന് ചാഹല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനശ്രീക്ക് 4.75 കോടി രൂപ നല്‍കേണ്ട ജീവനാംശത്തിന്റെ സമ്മത നിബന്ധനകള്‍ ഭാഗികമായി മാത്രമേ പാലിച്ചിട്ടുള്ളൂ എന്ന കാരണത്താല്‍ കുടുംബ കോടതി കൂളിംഗ്-ഓഫ് പിരീഡ് ഒഴിവാക്കാനുള്ള ഉത്തരവ് നിരസിച്ചിരുന്നു.
ചാഹല്‍ 2.37 കോടി രൂപ നല്‍കിയതായി കുടുംബ കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥ ശ്രമങ്ങള്‍ ഭാഗികമായി മാത്രമേ പാലിച്ചിട്ടുള്ളൂ എന്ന വിവാഹ കൗണ്‍സിലറുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് കൂളിംഗ്-ഓഫ് പിരീഡ് ഒഴിവാക്കാന്‍ കുടുംബ കോടതി വിസമ്മതിച്ചത്. എന്നാല്‍ വിവാഹമോചന ഉത്തരവ് ലഭിച്ചതിനുശേഷം മാത്രമേ സ്ഥിരമായ ജീവനാംശത്തിന്റെ രണ്ടാം ഗഡു നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെയാണ് കുടുംബ കോടതി കൂളിംഗ്-ഓഫ്- പിരീഡ് ഒഴിവാക്കിയത്. ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹമോചനം അനുവദിക്കുന്നതിന് മുമ്പ് ദമ്പതികള്‍ക്ക് ആറ് മാസത്തെ കൂളിംഗ്-ഓഫ് കാലയളവ് അനുഭവിക്കണം. അനുരഞ്ജനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുള്ള സമയം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാര്‍ച്ച് 22 മുതല്‍ ഐപിഎല്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കും. ചാഹല്‍ പഞ്ചാബ് കിംഗ്‌സ് ടീമിന്റെ ഭാഗമാണ്.












Click it and Unblock the Notifications