ചാഹലില്‍ നിന്ന് ജീവനാംശമായി ധനശ്രീ ചോദിച്ചത് 60 കോടി രൂപ!? കുടുംബം പറയുന്നതിങ്ങനെ?
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി കുടുംബം. ഇന്നലെ ഇരുവര്‍ക്കും മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുസ്വേന്ദ്ര ചാഹലില്‍ നിന്ന് വലിയ തുക ധനശ്രീ വര്‍മ്മ ജീവനാംശം ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.
60 കോടി രൂപ ധനശ്രീ, ചാഹലിനോട് ആവശ്യപ്പെട്ടു എന്നതായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ ധനശ്രീയുടെ കുടുംബാംഗം തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജീവനാംശ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ് എന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിരാശയുണ്ട് എന്നും ധനശ്രീയുടെ കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കുടുംബം എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

'ജീവനാംശ തുകയെക്കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളില്‍ ഞങ്ങള്‍ രോഷാകുലരാണ്. ഞാന്‍ വ്യക്തമായി പറയട്ടെ, അത്തരമൊരു തുക ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ആരും ജീവനാംശം വാഗ്ദാനം ചെയ്തിട്ടുമില്ല. ഈ കിംവദന്തികളില്‍ ഒരു സത്യവുമില്ല. കക്ഷികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും അനാവശ്യമായ ഊഹാപോഹങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്,' കുടുംബാംഗം പറഞ്ഞു.
ഇതുപോലുള്ള അശ്രദ്ധമായ റിപ്പോര്‍ട്ടിംഗ് ദോഷം വരുത്തുക മാത്രമേ ചെയ്യൂ എന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതാ പരിശോധന നടത്താനും സ്വകാര്യതയെ ബഹുമാനിക്കാനും മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. ധനശ്രീയുടെ അഭിഭാഷകയായ അദിതി മോഹോനിയും ഇത് സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്.
'ഈ നടപടികളെക്കുറിച്ച് എനിക്ക് അഭിപ്രായങ്ങളൊന്നും പറയാനില്ല. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുത പരിശോധിക്കണം,' അദിതി പറഞ്ഞു. സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2020 ല്‍ ആണ് ധനശ്രീ വര്‍മ്മയും യുസ്വേന്ദ്ര ചാഹലും വിവാഹിതരാകുന്നത്.
ഗുഡ്ഗാവില്‍ നടന്ന ആഡംബരപൂര്‍ണ്ണമായ ചടങ്ങില്‍ വെച്ചാണ് ധനശ്രീയും ചാഹലും വിവാഹിതരായത്. കൊവിഡ് കാലത്തെ പ്രണയം പിന്നീട് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു. മികച്ച നര്‍ത്തകിയായ ധനശ്രീ ദന്തഡോക്ടറുമാണ്. ധനശ്രീ തന്റെ നൃത്ത വീഡിയോയിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായത്. ധനശ്രീ വര്‍മ്മ കമ്പനി എന്ന പേരില്‍ സ്വന്തമായി ഒരു നൃത്ത കമ്പനിയും അവര്‍ക്കുണ്ട്.
34 കാരനായ യുസ്വേന്ദ്ര ചാഹല്‍ 72 ഏകദിനങ്ങളില്‍ നിന്ന് 121 വിക്കറ്റും 80 ടി20 യില്‍ നിന്ന് 96 വിക്കറ്റും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 160 മത്സരങ്ങളില്‍ നിന്ന് 205 വിക്കറ്റാണ് സമ്പാദ്യം.












Click it and Unblock the Notifications