സാക്കിര്‍ നായികിന്റെ സംഘടന നിയമവിരുദ്ധം; നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന്റെ സംഘടനയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) നിയമവിരുദ്ധമായ സംഘനയാണെന്ന് ട്രൈബ്യൂണല്‍ സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ട്രൈബ്യൂണലില്‍ ഹാജരായത്. മേത്തയുടെ വാദത്തോട് പൂര്‍ണമായും യോജിക്കുന്നു എന്ന് ട്രൈബ്യണല്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഐആര്‍എഫ് ഏര്‍പ്പെട്ടുവെന്ന് ബോധ്യമായെന്നും ട്രൈബ്യണല്‍ വിധിച്ചു.

ഐആര്‍എഫിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. ഈ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ശരിവച്ചിരിക്കുകയാണ് യുഎപിഎ ട്രൈബ്യൂണല്‍. രാജ്യത്തിന്റെ ഐക്യം, ഏകത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന തരത്തില്‍ ഐആര്‍എഫ് പ്രവര്‍ത്തിച്ചുവെന്ന് ബോധ്യമായതിനാലാണ് നിരോധനം ശരിവയ്ക്കുന്നതെന്ന് ട്രൈബ്യൂണല്‍ പറയുന്നു.
നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അനീതിയാണെന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് യാതൊരു തെളിവും ഹാജാരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഞങ്ങളുടെ ലക്ഷ്യങ്ങളിലും നിയമവിരുദ്ധമായ ഒന്നുമില്ല. രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സംഘടനയുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസം, ധാര്‍മികത, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. സ്‌കൂളുകളും അനാഥാലയങ്ങളും നടത്തുന്ന ഞങ്ങള്‍ക്ക് ഗവേഷണ സ്ഥാപനങ്ങളും ആശുപത്രികളുമുണ്ട്. കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രോല്‍സാഹനമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്നും ഐആര്‍എഫ് ട്രൈബ്യൂണലിന് നല്‍കിയ പ്രതികരണത്തില്‍ വിശദീകരിച്ചിരുന്നു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ, മുതിര്‍ന്ന അഭിഭാഷകന്‍ സച്ചിന്‍ ദത്ത്, കാപിറ്റല്‍ ഗുഡ്‌സ് സ്‌കില്‍ കൗണ്‍സിലിന്റെ അമിത് മഹാജന്‍, അഭിഭാഷകരായ രജത് നായര്‍, ജയ് പ്രകാശ് സിങ്, കാനു അഗര്‍വാള്‍, ധ്രുവ് പാണ്ഡെ, ഹിമാന്‍ഷു ഗോയല്‍, ശാന്തനു ശര്‍മ എന്നിവരും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായി. രാഹൂല്‍ ചിറ്റ്‌നിസ്, ആദിത്യ പാണ്ഡെ എന്നീ അഭിഭാഷകരാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്. എസ് ഹരി ഹരന്‍, ഷകുല്‍ ആര്‍ ഗതോലെ, ഭാവന ദുഹൂന്‍, ജയ്കൃതി എസ്, ജഡേജ എന്നീ അഭിഭാഷകരാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വേണ്ടി ഹാജരായത്.
വിഷയം പരിശോധിക്കാന്‍ യുഎപിഎ നിമയ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഒരു ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലായിരുന്നു ട്രൈബ്യൂണല്‍. സംഘടനയെ നിരോധിച്ച സാഹചര്യത്തില്‍ ട്രൈബ്യണല്‍ സാക്കിര്‍ നായികിന്റെ പ്രതികരണം തേടിയിരുന്നു. സാക്കിര്‍ നായികിന്റെ പീസ് ടിവിക്ക് ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിരോധനമുണ്ട്. 2016 മുതല്‍ എന്‍ഐഎ തേടുന്ന സാക്കിര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലാണ്.












Click it and Unblock the Notifications