ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം: പ്രതിയുടെ ലാപ്‌ടോപ്പിൽ സാക്കിർ നായിക്കിന്റെ വീഡിയോകൾ
ലഖ്നൗ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്ഥാന പുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഐഐടി ബിരുദധാരിയായ അഹമ്മദ് മുർതുജ അബ്ബാസ് എന്നയാളെയാണ് കസ്റ്റഡിയിൽ വിട്ടത്. ക്ഷേത്രത്തിൽ വെച്ച് മൂർച്ചയുള്ള ആയുധം കൊണ്ട് രണ്ട് സുരക്ഷ ഉദ്യോ ഗസ്ഥരെ ഇയാൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച ആയിരുന്നു സംഭവം നടന്നത്.
ആക്രമണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഗോപാൽ ഗൗഡ, അനിൽ പാസ്വാൻ എന്നീ ഉദ്യോ ഗസ്ഥർ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഇരിക്കുമ്പോഴാണ് കൈയിൽ ഒരു ബാഗുമായി അബ്ബാസ് എത്തുന്നത്. തുടർന്ന് അവരുമായി അബ്ബാസ് വാക്കേറ്റത്തിൽ ഏർപ്പെട്ടു. പെട്ടെന്ന് ബാഗിൽ നിന്ന് തുണിയിൽ പൊതിഞ്ഞ മൂർച്ചയുള്ള ആയുധം പുറത്തെടുത്ത് ഇവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് കാഴ്ചക്കാരും ഉദ്യോഗസ്ഥരും പറഞ്ഞു. അതേ സമയം അബ്ബാസിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം അവകാശപ്പെട്ടു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആക്രമണത്തെ "ഭീകര" സംഭവമായി വിശേഷിപ്പിക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. അക്രമിയുടെ പക്കൽ നിന്ന് കണ്ടെടുത്ത ലാപ്ടോപിൽ വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചില വീഡിയോകൾ കണ്ടെത്തിയതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2016-ൽ രാജ്യം വിട്ട നായിക്കിനെ തീവ്രവാദത്തിന് സാമ്പത്തിക സഹായം, വിദ്വേഷ പ്രസംഗം, വർഗീയ വിദ്വേഷം വളർത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ അധികൃതർ അന്വേഷിക്കുന്നുണ്ട്.
മാർച്ച് 31 ന്, ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട 16 പേരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ഉത്തർപ്രദേശ് പോലീസുമായി നേരത്തെ പങ്കിട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പങ്കിട്ട പ്രൊഫൈലുകളിൽ ഒന്ന് ഐഐടി ബിരുദധാരിയായ അഹമ്മദ് മുർതുജ അബ്ബാസിയുടേതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി അബ്ബാസി ഫണ്ടിംഗ് പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും ഇയാൾ സിറിയയിലേക്ക് പണം കൈമാറിയതായും സൂചനയുണ്ട്. ചില ഗുരുതരമായ പ്രവർത്തനങ്ങൾ നടത്താൻ ഇയാൾ പദ്ധതിയിടുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
അതേ സമയം അക്രമിയെ തടഞ്ഞു നിർത്തിയ മൂന്ന് സുരക്ഷ ഉദ്യോ ഗസ്ഥർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും അവരുടെ പേരുകൾ ശൗര്യ അവാർഡിന് ശുപാർശ ചെയ്യുമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ പറഞ്ഞു. "സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്ന് അറിയാൻ അന്വേഷണം എടിഎസിന് കൈമാറി. പ്രതികളിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ സംഘം പരിശോധിച്ചുവരികയാണ്. ഇപ്പോൾ ഒരു സാധ്യതയും ഞങ്ങൾ നിഷേധിക്കുന്നില്ല. പ്രതിയുടെ തീവ്രവാദ ബന്ധം പോലും തള്ളിക്കളയുന്നില്ല " അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications