
38 ഭാര്യമാരും 89 കുട്ടികളും സ്വന്തമായുള്ള " ഏറ്റവും വലിയ കുടുംബത്തിന്റെ" നാഥന് സിയോണ അന്തരിച്ചു
ഗോഹട്ടി: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനെന്ന് കരുതപ്പെടുന്ന മിസോറാം സ്വദേശി സിയോന ചാന മരിച്ചു. 76-ാംവയസിലായിരുന്നു അന്ത്യം. സെർച്ചിപ്പ് ജില്ലയിലെ ബക്താങ് ത്വലാങ്നാം ഗ്രാമത്തിൽ താമസിക്കുന്ന സിയോന ചാനയ്ക്ക് 38 ഭാര്യമാരും 89 കുട്ടികളും നിരവധി പേരക്കുട്ടികളുമാണ് ഉള്ളത്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
'38 ഭാര്യമാരും 89 കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന് നേതൃത്വം നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന സിയോന (76) മിസോറാമിനോട് വിടപറഞ്ഞു, "- മിസോറം മുഖ്യമന്ത്രി സോറാംതംഗ ട്വീറ്റ് ചെയ്തു. ഈ കുടുംബം കാരണം മിസോറാമും അദ്ദേഹത്തിന്റെ ഗ്രാമമായ ബക്തോംഗ് ത്വലാങ്നൂവും സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമായ ഐസ്വാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1942 ൽ പിതാവ് രൂപീകരിച്ച മൈനർ ക്രിസ്ത്യൻ വിഭാഗമായ ചന പാവലിന്റെ തലവനായിരുന്നു സിയോന. ഈ വിഭാഗം ബഹുഭാര്യത്വം പിന്തുടരുന്നു. 1945 ൽ ജനിച്ച സിയോന തന്റെ ആദ്യ വിവാഹം കഴിക്കുന്നത് തന്റെ പതിനേഴാം വയസ്സിലായിരുന്നു. 2004 ലായിരുന്നു അദ്ദേഹത്തിന്റെ അവസാന വിവാഹം.
കുടുംബത്തിനായി സിയോന തന്റെ ഗ്രാമത്തിൽ ചുവാൻ താർ റൺ (ന്യൂ ജനറേഷൻ ഹോം) എന്ന പേരിൽ നാല് നിലകളുള്ള ഒരു വീട് പണിതിരുന്നു. എല്ലാ ഭാര്യമാരും ആണ് മക്കളും കുടുംബങ്ങളും അവിടെ ഒരുമിച്ച് താമസിച്ചു. അദ്ദേഹത്തിന്റെ പെൺമക്കൾ ഭർത്താക്കന്മാരുമായും കുടുംബവുമായും പ്രത്യേകം മാറി താമസിക്കുകയായിരുന്നു. 180 അംഗങ്ങളുടെ സിയോനയുടെ കുടുംബം 2014 ല്‍ പ്രമുഖ ഡിഷ് വാഷ് ബ്രാന്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.