സൊമാറ്റോയുടെ പേര് മാറുന്നു... പുതിയ പേര് ഇങ്ങനെ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ മാറ്റം വരുമോ?
ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോ പേരുമാറ്റത്തിനൊരുങ്ങുന്നു. പേര് മാറ്റത്തിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയതോടെ സൊമാറ്റോ ഇനി, എറ്റേണല്‍ ലിമിറ്റഡ് എന്ന പേരിലായിരിക്കും അറിയപ്പെടുക. പേരുമാറ്റം അധികം വൈകാതെ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഫുഡ് ഡെലിവറി ബ്രാന്‍ഡ് സൊമാറ്റോ എന്ന പേരില്‍ തന്നെ തുടരും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഫുഡ് ഡെലിവറിക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന കമ്പനിയുടെ ശൃംഖലയ്ക്കാണ് എറ്റേണല്‍ എന്ന പേര് നല്‍കുക. സി ഇ ഒ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഞങ്ങള്‍ ബ്ലിങ്കിറ്റ് ആരംഭിച്ചപ്പോള്‍, കമ്പനിയും ബ്രാന്‍ഡും/ആപ്പും തമ്മില്‍ വേര്‍തിരിച്ചറിയാനാണ് ഞങ്ങള്‍ക്കിടയില്‍ എറ്റേണല്‍ എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്,' ദീപീന്ദര്‍ പറഞ്ഞു.

സൊമാറ്റോ സ്ഥാപിതമായതിന്റെ 17-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 23-ന് ബിഎസ്ഇ സെന്‍സെക്‌സില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റവും വന്നിരിക്കുന്നത്. സെന്‍സെക്‌സില്‍ എത്തിയ ഇന്ത്യയിലെ ആദ്യത്തെ ടെക് സ്റ്റാര്‍ട്ടപ്പായി മാറുന്നത് അഭിമാനകരമാണ്. അതിനോെടാപ്പം തന്നെ ഉയര്‍ന്ന ഉത്തരവാദിത്തബോധവും ഇത് കൊണ്ടുവരുന്നു,' ഗോയല്‍ പറഞ്ഞു.
എറ്റേണല്‍ ലിമിറ്റഡിന് സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നീ നാല് ബിസിനസുകളാണ് ഉണ്ടാകുക. ഓഹരി ഉടമകള്‍ മാറ്റം അംഗീകരിച്ചുകഴിഞ്ഞാല്‍, കമ്പനി അതിന്റെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് zomato.comല്‍ നിന്ന് eternal.com-ലേക്ക് മാറ്റും. കൂടാതെ അതിന്റെ സ്റ്റോക്ക് ടിക്കര്‍ ZOMATO യില്‍ നിന്ന് ETERNAL-ലേക്ക് മാറുകയും ചെയ്യും. എറ്റേണല്‍ എന്നത് ശക്തമായ പേരാണ് എന്നാണ് ദീപീന്ദര്‍ ഗോയല്‍ പറയുന്നത്.
കേവലം പേരുമാറ്റം മാത്രമല്ലെന്നും കമ്പനിയെ തന്നെ അഴിച്ചുപണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും കമ്പനി സി ഇ ഒ ദീപീന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഗുഡ്ഗാവില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. പഞ്ചാബ് സ്വദേശിയായ ദീപീന്ദര്‍ ഗോയല്‍ ആണ് 2008 ല്‍ തന്റെ സുഹൃത്തുമായി ചേര്‍ന്ന് ഈ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിക്കുന്നത്.
ഫുഡ്ഡീബേ എന്ന ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സൊമാറ്റോയുടെ പിറവി. നഗരത്തിലെ പ്രധാന റെസ്റ്റോറന്റുകളിലെ മെനു പരിചയപ്പെടുത്തുകയാണ് ഫുഡ്ഡീബേ ചെയ്തിരുന്നത്. എന്നാല്‍ ആ റെസ്റ്റോറന്റുകളിലെ വിഭവങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുകയായിരുന്നു സൊമാറ്റോ ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ.












Click it and Unblock the Notifications