കയ്യെത്തും ദൂരത്ത് ആ അത്ഭുത നിധി: ഓരോ മനുഷ്യനും ലഭിക്കും 10,000 കോടി രൂപ..!
ഭാവനയ്ക്കും അപ്പുറമുള്ള അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഇടമാണ് ബഹിരാകാശം. അവിടെയിതാ വജ്രത്തേക്കാളും സ്വർണ്ണത്തേക്കാളും തിളക്കമുള്ള ഒരു വലിയ രഹസ്യം ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ഭൂമിയിലെ ദാരിദ്ര്യം എന്ന വാക്ക് തന്നെ നിഘണ്ടുവിൽ നിന്ന് മായ്ച്ചു കളയാൻ ശേഷിയുള്ള, അളക്കാനാവാത്ത സ്വർണ്ണവും പ്ലാറ്റിനവും നിറഞ്ഞ ഒരു 'പറക്കുന്ന നിധി'. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ശൂന്യാകാശത്തിന്റെ ഇരുളിൽ ഒളിഞ്ഞിരിക്കുന്ന ഈ അമൂല്യ വസ്തുവിന്റെ പേരാണ് '16 സൈക്കി'. ഇതിലെ സമ്പത്ത് മാത്രം മതി ലോകത്തെ 830 കോടി ജനങ്ങളെയും ഒരേസമയം കോടീശ്വരന്മാരാക്കാൻ!
എന്താണ് 16 സൈക്കി?
1852-ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ആനിബേൽ ഡി ഗാസ്പാരിസാണ് ഈ അസാധാരണ ഛിന്നഗ്രഹത്തെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. ഗ്രീക്ക് പുരാണങ്ങളിൽ 'ആത്മാവിന്റെ ദേവത' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'സൈക്കി'യുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ഏകദേശം 225 കിലോമീറ്റർ വീതിയുള്ള ഈ ഭീമൻ പാറക്കഷ്ണം ഒരു സാധാരണ ഛിന്നഗ്രഹമല്ല. ബഹിരാകാശത്ത് കാണപ്പെടുന്ന ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും മഞ്ഞോ കല്ലോ കൊണ്ട് നിർമ്മിതമാകുമ്പോൾ, 16 സൈക്കി ഏതാണ്ട് പൂർണ്ണമായും ലോഹങ്ങളാൽ നിർമ്മിതമാണ്.

അക്കങ്ങളിൽ ഒതുങ്ങാത്ത മൂല്യം
സ്വർണ്ണം, പ്ലാറ്റിനം, ഇരുമ്പ്, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ ഒരു ഭീമൻ ശേഖരമാണ് ഈ ഛിന്നഗ്രഹം. ഇതിന്റെ മൊത്തം മൂല്യം കണക്കാക്കിയിരിക്കുന്നത് ഏകദേശം 8 ക്വിന്റില്യൺ യൂറോയാണ്. അതായത്, ഈ ലോഹങ്ങൾ ഭൂമിയിലെത്തിച്ച് വിറ്റാൽ കിട്ടുന്ന തുക തുല്യമായി വീതിക്കുകയാണെങ്കിൽ, ലോകത്തെ ഓരോ മനുഷ്യനും ചുരുങ്ങിയത് 10,000 കോടി രൂപ വീതം സ്വന്തമാക്കാം! ബഹിരാകാശത്തെ ഈ തുറക്കാത്ത നിലവറയെക്കുറിച്ച് കേട്ട് അമ്പരക്കുകയാണ് ലോകം.
നാസയുടെ സൈക്കി ദൗത്യം
ഈ സ്വർണ്ണഖനിയെ വെറുതെ വിടാൻ നാസ തയ്യാറല്ല. 16 സൈക്കിയെക്കുറിച്ച് ആഴത്തിൽ പഠിക്കാനായി 2023 ഒക്ടോബർ 13-ന് നാസ തങ്ങളുടെ 'സൈക്കി' പേടകം വിക്ഷേപിച്ചു. സ്‌പേസ് എക്‌സിന്റെ കരുത്തുറ്റ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു ഈ യാത്രയുടെ തുടക്കം. ഏകദേശം ആറുവർഷം നീളുന്ന യാത്രയ്ക്കൊടുവിൽ 2029 ഓഗസ്റ്റിൽ പേടകം ഛിന്നഗ്രഹത്തിനടുത്തെത്തും. ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നും ഭൂമിയുടെ ഉള്ളിൽ എന്താണെന്നും മനസ്സിലാക്കാൻ ഈ ദൗത്യം സഹായിക്കും.
സ്വർണ്ണം ഭൂമിയിലെത്തുമോ?
നിലവിലെ സാങ്കേതികവിദ്യ വെച്ച് ബഹിരാകാശത്തുനിന്ന് ഇത്രയും വലിയ അളവിൽ ലോഹങ്ങൾ ഖനനം ചെയ്ത് എത്തിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മാത്രമല്ല, ഇത്രയധികം സ്വർണ്ണം ഒന്നിച്ച് ഭൂമിയിലെത്തിയാൽ സ്വർണ്ണത്തിന്റെ വിപണി മൂല്യം പൂജ്യത്തിലേക്ക് താഴാനും അത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, വരുംതലമുറയ്ക്ക് ബഹിരാകാശ ഖനനത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കുന്ന ഒന്നായിരിക്കും ഈ കണ്ടെത്തൽ.












Click it and Unblock the Notifications