
അമേരിക്കയിലെ സ്കൂളില്‍ 18 കാരന്റെ വെടിവെപ്പ്; 18 വിദ്യാര്‍ത്ഥികളടക്കം 21 പേര് കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസില്‍ സ്കൂളില്‍ വെടിവെപ്പ്. 18 കാരന് നടത്തിയ ആക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 18 പേര് വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. ഇയാള്‍ കൈത്തോക്കും റൈഫിളും കൈവശം വച്ചിരുന്നതായി കരുതപ്പെടുന്നു.
ടെക്സാസ് റോബ് എലിമെന്ററി സ്കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭീകരമായ സംഭവം അരങ്ങേറിയത്. രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് സാല്‍വദോര്‍ റെമോസ് സ്കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ഇന്നലെ ഉണ്ടായത്.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്കി. സംഭവത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി. തോക്കുനയം മാറ്റാന്‍ സമയമായെന്ന് ജോ ബൈഡന് പറഞ്ഞു. സര്‍ക്കാര്‍ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ മനം മടുത്തുവെന്നും ഇത്രയും ഭീകരമായ ആക്രമണം സമീപ കാലത്ത് നടന്നിട്ടില്ലെന്നും ജോ ബൈഡന് പറഞ്ഞു.
നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ആക്രമണത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. മരിച്ചവരെ കൂടാതെ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. ഒരു ദശാബ്ദത്തിനിടെ യുഎസ് സ്കൂളില്‍ നടന്ന ഏറ്റവും മാരകമായ വെടിവയ്പാണിതെന്നും ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്കൂള്‍ വെടിവയ്പ്പാണെന്നും അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് പറയുന്നു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിവെപ്പ് ആരംഭിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന ബോര്‍ഡര്‍ പട്രോള്‍ ഏജന്റാണ് റാമെസിനെ വെടിവെച്ച് കൊന്നതെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസുദ്യോഗസ്ഥന് പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉവാള്‍ഡെ ജില്ലയിലെ എല്ലാ സ്കൂളുകളും നേരത്തെ പൂട്ടിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
റോബ് എലിമെന്ററി സ്കൂളില്‍ 600-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പസില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉവാള്‍ഡെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ജില്ലയുടെ ബാക്കി ഭാഗങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണെന്ന് ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.