രണ്ട് വയസുകാരന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു
ഹെയ്ഡന്‍: രണ്ട് വയസുകാരന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി 29കാരിയായ അമ്മ മരിച്ചു. അമേരിയ്ക്കയിലെ ഹെയ്ഡനിലാണ് സംഭവം. വടക്കന്‍ ഇഡാഹോയിലെ വാള്‍മാര്‍ട്ടിലാണ് ഷോപ്പിംഗിനിടെ മകന്റെ വെടിയേറ്റ് അമ്മ മരിച്ചത്.
ഇഡാഹോയിലുള്ള ബന്ധുക്കളെ സന്ദര്‍ശിയ്ക്കുന്നതിന് വേണ്ടിയാണ് യുവതിയും മൂന്ന് മക്കളും എത്തുന്നത്. ഷോപ്പിംഗിന് വേണ്ടിയാണ് വാള്‍മാര്‍ട്ടില്‍ എത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചത്.

ഒരു ഷോപ്പിംഗ് കാര്‍ട്ടില്‍ കുഞ്ഞിനെ ഇരുത്തിയ ശേഷമായിരുന്നു അമ്മ ഷോപ്പിംഗ് നടത്തിയത്. കുഞ്ഞ് അമ്മയുടെ പേഴ്‌സ് കൈക്കലാക്കുകയായിരുന്നു. പേഴ്‌സിനുള്ളില്‍ നിന്നും ചെറിയ കൈത്തോക്ക് പുറത്തെടുക്കുകയും അത് കൊണ്ട് കളിയ്ക്കുകയും ചെയ്തു. കളിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയും അമ്മ മരിയ്ക്കുകയുമായിരുന്നു.
സംഭവ സമയം യുവതിയുടെ ഭര്‍ത്താവ് അവര്‍ക്കൊപ്പം ഇല്ലായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. യുവതി തത്ക്ഷണം മരിയ്ക്കുകയായിരുന്നു. കുട്ടികളെ അവരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു. യുവതിയ്ക്ക് ആയുധം കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്ന് അധികൃതര്‍ പരിശോധിയ്ക്കുകയാണ്.
വാള്‍മാര്‍ട്ടില്‍ വച്ച് ഇത്തരമൊരു സംഭവം നടന്നതില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്ന് വാള്‍മാര്‍ട്ട് വക്താല് ബ്രൂക്ക് ബുചാനന്‍ പറഞ്ഞു. അമേരിയ്ക്കയില്‍ കുട്ടികളുടെ വെടിയേറ്റ് കുട്ടികളും മുതിര്‍ന്നവരും കൊല്ലപ്പെടുന്നത് വിരളമല്ല.












Click it and Unblock the Notifications