20000 ഇന്ത്യക്കാർ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു: യുഎന്നില്‍ പാകിസ്ഥാനെ എടുത്ത് കുടഞ്ഞ് ഇന്ത്യ
ഭീകരവാദത്തത്തിന് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നടപടിയെ ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവതനേനി ഹരീഷ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ച് പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പർവതനേനി ഹരീഷ്.
'ജലം ജീവനാണ്, യുദ്ധത്തിനുള്ള ആയുധമല്ല' എന്ന് പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ സിന്ധു നദീജല കരാർ വിഷയം ഉന്നയിച്ച് കൊണ്ട് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള കരാർ ഇന്ത്യ നിർത്തിവെക്കുന്നതായിരിക്കുമെന്ന് ഹരീഷ് വ്യക്തമാക്കി.

'ഒരു നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എല്ലായ്പ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്. 65 വർഷം മുമ്പ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഏർപ്പെട്ടു. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി നിലനില്‍ക്കുന്നുവെന്ന് വിവരിക്കുന്നു. ആറര പതിറ്റാണ്ടിന് ഇടിയില്‍ ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്ഥാൻ ആ ഉടമ്പടിയുടെ ആത്മാവിനെ ലംഘിച്ചു' - ഹരീഷ് പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഈ കാലയളവിൽ ഇന്ത്യ അസാധാരണമായ ക്ഷമയും മഹാമനസ്കതയും പ്രകടിപ്പിച്ചു. ഇന്ത്യയിൽ പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
ഈ 65 വർഷത്തിനിടയിൽ, അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിലൂടെ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ കാര്യത്തിൽ മാത്രമല്ല, ശുദ്ധമായ ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വ്യതിയാനം എന്നിവ സംബന്ധിച്ച കാര്യങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചു. പ്രവർത്തനങ്ങളുടെയും ജല ഉപയോഗത്തിന്റെയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കേണ്ടതുണ്ട്.
ചില പഴയ അണക്കെട്ടുകൾ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നേരിടുന്നു. എന്നിരുന്നാലും, ഈ അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങളും ഉടമ്പടി പ്രകാരം അനുവദനീയമായ വ്യവസ്ഥകളിലെ ഏതെങ്കിലും പരിഷ്കാരങ്ങളും പാകിസ്ഥാൻ നിരന്തരം തടഞ്ഞുകൊണ്ടിരുന്നു. 2012-ൽ ജമ്മു കശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതിയെ പോലും തീവ്രവാദികൾ ആക്രമിച്ചു.
ഈ നിന്ദ്യമായ പ്രവൃത്തികൾ ഞങ്ങളുടെ പദ്ധതികളുടെയും സാധാരണക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്നത് തുടരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ ഇന്ത്യ പാകിസ്ഥാനോട് കരാർ പരിഷ്കരിക്കുന്നത് ചർച്ച ചെയ്യാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാൻ ഇവ നിരസിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യയുടെ നിയമാനുസൃത അവകാശങ്ങൾ പൂർണ്ണമായി വിനിയോഗിക്കുന്നതും പാകിസ്ഥാന്‍ തടയുന്നതായും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്ഥാൻ, അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ ഒടുവിൽ പ്രഖ്യാപിച്ചതെന്നും ഹരീഷ് പറഞ്ഞു.
എന്താണ് സിന്ധു നദീജല കരാർ
1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ, സിന്ധു നദിയുടെയും അതിന്റെ പോഷകനദികളായ ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ ജലവിഭജനം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ നിയന്ത്രിക്കുന്നു. ഈ കരാർ പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ 20% ജലവും, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയിൽ 80% ജലവും ഇന്ത്യയ്ക്ക് ലഭിക്കുന്നു.
65 വർഷം നാല് യുദ്ധങ്ങളും നിരവധി പിരിമുറുക്കങ്ങളും അതിജീവിച്ച ഈ കരാർ, ഇന്ത്യ-പാക് ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണ്. എന്നാൽ, പാകിസ്ഥാന്റെ ഭീകരവാദ പിന്തുണയും കരാർ ചർച്ചകളോടുള്ള നിഷേധാത്മക സമീപനവും ചൂണ്ടിക്കാട്ടി, ഇന്ത്യ ആദ്യമായി ഈ കരാർ താൽക്കാലികമായി മരവിപ്പിച്ചു.












Click it and Unblock the Notifications