ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു: പുരസ്കാരം പങ്കിട്ട് ജെ ഹോപ്‌ഫീൽഡും ജെഫ്രി ഇ ഹിൻ്റണും
സ്റ്റോക്ക്‌ഹോം: 2024 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് ഭൗതികശാസ്ത്ര പ്രതിഭകളാണ് ഇത്തവണ പുരസ്കാരം പങ്കിട്ടിരിക്കുന്നത്. ജെ ഹോപ്‌ഫീൽഡും ജെഫ്രി ഇ ഹിൻ്റണുമാണ് പുരസ്കാര ജേതാക്കള്‍. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്കാണ് പുരസ്കാരം.
മെഷീൻ ലേണിംഗ് സംബന്ധിച്ച് വളരെക്കാലമായുള്ള ഗവേഷണത്തിലായിരുന്നു ഇരുവരും. വലിയ അളവിലുള്ള ഡാറ്റയുടെ തരംതിരിക്കലും വിശകലനവും ഇവരുടെ പഠനത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു. വ്യക്തമായി പ്രോഗ്രാം ചെയ്യാതെ തന്നെ ഡാറ്റയിൽ നിന്ന് പഠിക്കാനും കാലക്രമേണ അവയുടെ പ്രകടനം മെച്ചപ്പെടുത്താനും കമ്പ്യൂട്ടറുകളെ അനുവദിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഒരു ശാഖകൂടിയാണിത്.

ഒരു കൂട്ടം നിശ്ചിത നിർദ്ദേശങ്ങൾ പാലിക്കുന്നതിനുപകരം, മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ഡാറ്റയിലെ പാറ്റേണുകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി ക്രമീകരിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
"ജോൺ ഹോപ്ഫീൽഡും ജെഫ്രി ഹിൻ്റണും ഭൗതികശാസ്ത്രത്തിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്നത്തെ ശക്തമായ മെഷീൻ ലേണിംങ്ങിന് അടിത്തറ പാകാൻ സഹായിച്ചു. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളെ അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗ് നിലവിൽ ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും ദൈനംദിന ജീവിതത്തിലും വിപ്ലവം സൃഷ്ടിക്കുകയാണ്," നോബൽ പ്രൈസ് പുരസ്കാരം കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യ ശാസ്ത്ര നൊബേലും രണ്ട് പേർ പങ്കിടുകയാണുണ്ടായത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടവർ.മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും പുരസ്കാരത്തിന് അർഹരാക്കിയത്.
ഇരുവരുടേയും കണ്ടെത്തൽ "ജീവജാലങ്ങള്‍ എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന് അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നു" എന്നായിരുന്നു സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പ്രഖ്യാപനത്തില്‍ നോബൽ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം നാളെയായിരിക്കും രസതന്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കുക. വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം എന്നിവയും ഒക്ടോബർ 14 ന് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.












Click it and Unblock the Notifications