ഹോങ്കോങ്ങില്‍ പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണം 44; കാണാതായവര്‍ 279 : 3 പേര്‍ അറസ്റ്റില്‍
ഹോങ്കോങ്ങില്‍ 2000 ത്തോളം പേര്‍ താമസിക്കുന്ന ബഹുനില പാര്‍പ്പിട സമുച്ചയങ്ങില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 44-ല്‍ ഏറെയായി. 279 പേരെ കാണാതായിട്ടുണ്ട്. ഹോങ്കോങ്ങിലെ തായ് പോ ജില്ലയില്‍ അടുത്തടുത്ത് നില്‍ക്കുന്ന എട്ടു പാര്‍പ്പിട സമുച്ചയങ്ങളില്‍ ഏഴെണ്ണത്തിലാണ് തീ ആളിക്കത്തിയത്. 800 ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ആണ് തീ അണയ്ക്കാന്‍ കഠിനമായി പരിശ്രമിക്കുന്നത്. ഏഴു കെട്ടിടങ്ങളില്‍ നാലെണ്ണത്തില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.
വാങ് ഫുക് കോര്‍ട്ട് ഹൗസിംഗ് കോംപ്ലക്‌സിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലാണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്കാണ് തീപിടുത്തം ആരംഭിച്ചത്. 40 പേര്‍ സംഭവ സ്ഥലത്ത് വെച്ചാണ് മരിച്ചത്. നാലുവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 45 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് 15 മണിക്കൂറായി തീ ആളിക്കത്തുകയാണ്.

തീ പടരാന്‍ പെട്ടെന്ന് കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച മൂന്നു നിര്‍മ്മാണ കമ്പനി പ്രതിനിധികളാണ് അറസ്റ്റിലായത്. തീ അടയ്ക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഒരു ദിവസമെങ്കിലും എടുക്കുമെന്നാണ് അഗ്‌നിശമന സേന വകുപ്പ് അധികൃതര്‍ പറയുന്നത്.
വാങ് ഫുക് കോര്‍ട്ടിലെ ടവറുകള്‍ നവീകരണത്തിന്റെ ഭാഗമായി മുള കൊണ്ടുള്ള
സ്‌കഫോള്‍ഡിങ്ങുള്‍ കൊണ്ടും പച്ച വലയും കൊണ്ട് മൂടിയിരുന്നു. ഇതാണ് തീപിടിത്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്.
തീപിടിത്തങ്ങളില്‍ ഏറ്റവും തീവ്രതയുള്ള ലെവല്‍ അഞ്ച് തീപിടിത്തം ആയിട്ടാണ് ദുരന്തത്തെ അഗ്‌നിശമന സേന പരിഗണിക്കുന്നത്. 17 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഹോങ്കോങ്ങില്‍ ഇത്ര വലിയ തീപിടുത്തം ഉണ്ടാകുന്നത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേള്‍ക്കാമായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു. ഉയരത്തിലുള്ള കെട്ടിടത്തിലേക്ക് ഫയര്‍ ഹോസുകള്‍ വേഗത്തില്‍ എത്തിക്കാനും കഴിഞ്ഞില്ല ഇത് മരണസംഖ്യ വര്‍ദ്ധിപ്പിച്ചു.
ഈ കെട്ടിടങ്ങളില്‍ നിന്ന് സുരക്ഷിതമായി മാറ്റിയ ആയിരത്തോളം പേരെ മാറ്റിപാര്‍പ്പിക്കാന്‍ ഭവനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഹോങ്കോങ്ങിലെ ഭവന മന്ത്രി അറിയിച്ചു.












Click it and Unblock the Notifications