6500 കോടീശ്വരൻമാർ ഇന്ത്യ വിടാനൊരുങ്ങുന്നു; കാരണം ഇതാണ്..ഇവരുടെ ഇഷ്ട രാജ്യവും
ഡൽഹി: അതിസമ്പന്നർ കൂട്ടത്തോടെ രാജ്യം വിടാനൊരുങ്ങുന്നു. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം 6500 കോടീശ്വരൻമാർ ഇന്ത്യ വിടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ കോടീശ്വരൻമാർ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുകയെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ഈ വർഷം ഏകദേശം 13,000 ത്തിലധികം വ്യക്തികള്‍ രാജ്യം വിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രാജ്യം വിടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം 7,500 കോടീശ്വരൻമാരായിരുന്നു ഇന്ത്യ വിട്ടത്.

എന്നാൽ രാജ്യം വിടുന്നവരുടെ എണ്ണത്തെക്കാൾ കൂടുതൽ കോടീശ്വരൻമാർ ഇന്ത്യയിൽ ഓരോ വർഷവും ഉണ്ടാകുന്നു എന്നതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഈ കൂട്ടക്കൊഴിഞ്ഞ് പോക്കിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഗവേഷക തലവൻ ആൻഡ്രൂ അമോയിൽസ് പറയുന്നത്.
അതിനിടെ ആഗോളതലത്തിൽ തന്നെ കോടീശ്വരൻമാരുടെ കുടിയേറ്റം ക്രമാനുഗതമായി വളർന്നതായി ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ സി ഇ ഒ ഡോ ജുർഗ് സ്റ്റെഫെൻ പറയുന്നു. 2023-ലും 2024-ലും ആഗോളതലത്തിൽ യഥാക്രമം 1,22,000, 1,28,000 കോടീശ്വരന്മാർ കുടിയേറുമെന്നും ഹെൻലി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ട് കോടീശ്വരൻമാർ ഇന്ത്യ വിടുന്നു?
സങ്കീർണമായ നികുതി നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് രാജ്യം വിടാൻ അതിസമ്പന്നരെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം ആദ്യ പാദത്തിൽ നിക്ഷേപ കുടിയേറ്റ പദ്ധതികൾ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിയവർ ഇന്ത്യക്കാരും അമേരിക്കക്കാരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എങ്ങോട്ടാണ് ഈ അതിസമ്പന്നർ പോകുന്നത്?
സമ്പന്നരായ ഇന്ത്യൻ കുടുംബങ്ങളെ സംബന്ധിച്ച് കുടിയേറാൻ അവർ തിരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങൾ ദുബായിയും സിംഗപ്പൂരുമാണ്. ഗോൾഡൻ വിസ അടക്കമുള്ള ഘടകങ്ങളാണ് ദുബായിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നത്. ഇത് കൂടാതെ ലളിതമായ നികുതി നടപടികൾ, ശക്തമായ ബിസിനസ്സ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം എന്നിവയും ആളുകളെ ദുബായിലേക്ക് ആകർഷിക്കുന്നു.
അതേസമയം 2023 ൽ ഏറ്റവും കൂടുതൽ പേർ കുടിയേറാൻ ഉദ്ദേശിക്കുന്ന രാജ്യം ഓസ്ട്രേലിയ ആയിരിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുറഞ്ഞത് 5000ത്തോളം കോടീശ്വരൻമാരെങ്കിലും ഓസ്ട്രേലിയയിലേക്ക് ഈ വർഷം ചേക്കേറും. ദുബായിയിൽ 4500ഓളം ആളുകളായിരിക്കും കുടിയേറുകയെന്നാണ് കണക്കാക്കപ്പെടുന്നത്. സിംഗപ്പൂർ ആയിരിക്കും മൂന്നാം സ്ഥാനത്ത്, 3200 ഓളം പേർ. 2100 കോടീശ്വരന്മാർ അമേരിക്കയിലും എത്തിയേക്കും. സ്വിറ്റ്സര്‍ലന്‍ഡ്,കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ് എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ.












Click it and Unblock the Notifications