7.6 തീവ്രതയിൽ ഭൂമി കുലുക്കം; ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്
ദില്ലി; തെക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് കടലിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. അതേസമയം ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം ചൊവ്വാഴ്‌ച രാവിലെ 11.20 നാണ് ഭൂചലനം ഉണ്ടായത്. മൗമെറിൽനിന്ന് 91 കിലോമീറ്റർ വടക്ക് ഫ്ലോറസ് ദ്വീപിന് സമീപമുള്ള കടലിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.76 കിലോമീറ്റർ ആഴത്തിൽ 7.6 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. സമീപ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പസഫിക് മേഖലയിൽ വ്യാപകമായ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഈ വർഷം മെയിലും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Recommended Video
2004 ലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് സുമത്രയിൽ അനുഭവപ്പെട്ടത്. ഡിസംബര്‍ 26 ന് രാവിലെ 7.58 നായിരുന്നു സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് ഭൂകമ്പം ഉണ്ടായത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയായി രൂപപ്പെട്ടു. ഏകദേശം 14 രാജ്യങ്ങളിലെ രണ്ടര ലക്ഷം പേരാണ് സുനാമിയിൽ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications