• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊടുത്തുവിട്ട മിസൈൽ, കത്തിയമർന്ന ലോഹപ്പറവകൾ, ചാരമായ മനുഷ്യജീവനുകൾ! ലോകം ഞെട്ടിയ ആ സംഭവങ്ങൾ...

ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് 176 പേരുമായാണ് ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പിഎസ്752 എന്ന വിമാനം ജനുവരി 8 ന് പറന്നുയര്‍ന്നത്. അല്‍പനേരത്തിനകം അതൊരു തീഗോളമായി നിലംപതിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ജനറല്‍ സുലൈമാന്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലായിരുന്നു ലോകം.

ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചു

ഒടുവില്‍ ആ സത്യം ഇപ്പോള്‍ വെളിപ്പെടുകയും ചെയ്തു- അബദ്ധത്തില്‍ ഇറാന്‍ തന്നെ ആയിരുന്നു ആ ഉക്രൈന്‍ വിമാനം മിസൈല്‍ തൊടുത്ത് തകര്‍ത്തത്. എന്നാല്‍ ഇത് ലോകത്തിലെ ആദ്യത്തെ സംഭവം ഒന്നും ആയിരുന്നില്ല. 1973 മുതല്‍ ഇതുവരെ ഇത്തരത്തിലുള്ള ഏഴ് സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. ആയിരത്തിലേറെ മനുഷ്യ ജീവനുകള്‍ ആണ് ഇക്കാലയളവില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന യാത്രാ വിമാനങ്ങളില്‍ പൊലിഞ്ഞത്. ആ ചരിത്രം ഇങ്ങനെയാണ്...

സിനായ് മരുഭൂമിയ്ക്ക് മുകളില്‍

സിനായ് മരുഭൂമിയ്ക്ക് മുകളില്‍

ട്രിപ്പോളിയില്‍ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ടതായിരുന്നു ലിബിയന്‍ അറബ് എയര്‍ലൈനിന്റെ ബോയിങ് 727 വിമാനം. 112 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നു. സിനായ് മരുഭൂമിയ്ക്ക് മുകളില്‍ വച്ച് ഇസ്രായേല്‍ സൈന്യം മിസൈല്‍ ഉപയോഗിച്ച് ഈ വിമാനം തകര്‍ക്കുകയായിരുന്നു.

1973 ഫെബ്രുവരി 21 ന് ആയിരുന്നു സംഭവം. സിനായ് മരുഭൂമി അന്ന് ഇസ്രായേലിന്റെ അധീനതയില്‍ ആയിരുന്നു. തങ്ങളുടെ സൈനിക മേഖലയ്ക്ക് മുകളിലൂടെ പറന്ന വിമാനത്തോട് ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല എന്ന് പറഞ്ഞാണ് ഇസ്രായേല്‍ അന്ന് ആ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്.

സഖാലിനില്‍ 269 പേര്‍

സഖാലിനില്‍ 269 പേര്‍

1983 സെപ്തംബര്‍ 1 ന് ആണ് ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവം അരങ്ങേറിയത്. ദക്ഷിണ കൊറിയയിലെ കൊറിയന്‍ എയറിന്റെ ബോയിങ് 747 വിമാനം സോവിയറ്റ് യൂണിയന്‍ മിസൈല്‍ ഉപയോഗിച്ച് വെടിവച്ചിട്ടു. 269 പേരായിരുന്നു അന്ന് ആ വിമാനത്തില്‍ ഉണ്ടായിരുന്നത്.

സഖാലിന്‍ ദ്വീപിന് മുകളില്‍ വച്ചായിരുന്നു ഇത്. സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആണ് സോവിയറ്റ് യൂണിയന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

66 കുട്ടികളുള്‍പ്പെടെ 290 പേര്‍...

66 കുട്ടികളുള്‍പ്പെടെ 290 പേര്‍...

ഇറാനില്‍ യാത്രാ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നുവീണ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. 1988 ജൂലായ് 3 ന് ആയിരുന്നു അതില്‍ ഏറ്റവും ദാരുണമായ സംഭവം. ഇറാനിലെ ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇറാന്‍ എയറിന്റെ എയര്‍ബസ് എ-300 ആണ് അന്ന് തകര്‍ക്കപ്പെട്ടത്. അതും ഇറാന്റെ അതിര്‍ത്തിയില്‍ വച്ച് തന്നെ.

66 കുട്ടികള്‍ ഉള്‍പ്പെടെ 290 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു.അമേരിക്കന്‍ യുദ്ധക്കപ്പല്‍ ആയ യുഎസ്എസ് വിന്‍സെന്‍സില്‍ നിന്ന് തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ ആയിരുന്നു ആ വിമാനത്തെ തകര്‍ത്തത്. യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ചായിരുന്നത്രെ അമേരിക്കന്‍ ആക്രമണം. 722 കോടി രൂപയാണ് അമേരിക്ക പിന്നീട് ഈ അപകടത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്. എന്നാല്‍ ആ ക്രൂരമായ ആക്രമണത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാനോ, അതില്‍ മാപ്പ് പറയാനോ അമേരിക്ക ഒരിക്കലും തയ്യാറായില്ല.

കരിങ്കടലില്‍....

കരിങ്കടലില്‍....

ഇസ്രായേലില്‍ നിന്ന് റഷ്യയിലേക്ക് പറക്കുകയായിരുന്നു യാത്രാ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത് 2001, ഒക്ടോബര്‍ 4 ന് ആയിരുന്നു. റഷ്യന്‍ വിമാനക്കമ്പനിയുടേതായിരുന്നു ആ വിമാനം. കൊല്ലപ്പെട്ടത് 78 പേര്‍. അതില്‍ ഭൂരിഭാഗം പേരും ഇസ്രായേലുകാര്‍...

ഈ ആക്രമണം നടത്തിയത് ഉക്രൈന്‍ ആയിരുന്നു. അബദ്ധവശാല്‍ തൊടുത്തുവിട്ട മിസൈല്‍ ആണ് അപകടം ഉണ്ടാക്കിയത് എന്നാണ് ഒരാഴ്ചയ്ക്ക് ശേഷം ഉക്രൈന്‍ പ്രതികരിച്ചത്.

സഹായത്തിനെത്തിയവര്‍

സഹായത്തിനെത്തിയവര്‍

സൊമാലിയ ആഭ്യന്തര യുദ്ധത്തില്‍ കുഴങ്ങി നില്‍ക്കുന്ന കാലം. മിസൈല്‍ ആക്രമണത്തില്‍ കേട് പറ്റിയ ഒരു വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി ബെലാറുസിയയില്‍ നിന്ന് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും എത്തി. പണി പൂര്‍ത്തിയാക്കിയ അവര്‍ക്ക് തിരികെ നാട്ടിലെത്താന്‍ ആയില്ല.

2007 മാര്‍ച്ച് 23 ന് ഇവര്‍ കയറിയ വിമാനം സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 11 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഉക്രെയ്‌നില്‍ 298 പേര്‍...

ഉക്രെയ്‌നില്‍ 298 പേര്‍...

എംഎച്ച് 370 എന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായി അധികം കഴിയും മുമ്പാണ് അവരുടെ തന്നെ മറ്റൊരു വിമാനം തകര്‍ന്ന് വീണ് 298 പേര്‍ കൊല്ലപ്പെട്ടത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന വിമാനം കിഴക്കന്‍ ഉക്രെയ്‌നിന്റെ ആകാശത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ വിമതരാണെന്ന് ഉക്രെയ്‌നും, ഉക്രെയ്ന്‍ അധികൃതരാണെന്ന് വിമതരും പരസ്പരം ആരോപിച്ചു. 2014 ജൂലായ് 17 ന് ആയിരുന്നു സംഭവം.

ഒടുവില്‍ ഇറാനില്‍

ഒടുവില്‍ ഇറാനില്‍

ഏറ്റവും ഒടുവില്‍ ഇറാനില്‍ ആണ് ഇത്തരം ഒരു ദാരുണ സംഭവം നടന്നത്. ജനുവരി 8 ന് ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ നിന്ന് പറന്ന വിമാനം അല്‍പസമയത്തിനകം തന്നെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി നില്‍ക്കുന്ന സമയം ആയതിനാല്‍ സംശയങ്ങള്‍ പലവഴിയ്ക്ക് ഉരുത്തിരിഞ്ഞു.

എന്നാല്‍ ആ ദുരന്തം തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് ഒടുവില്‍ ഇറാന്‍ സമ്മതിച്ചു. കൊല്ലപ്പെട്ട 176 പേരില്‍ 82 പേരും ഇറാന്‍ പൗരന്‍മാരായിരുന്നു. 57 കനേഡിയന്‍ പൗരന്‍മാരും 11 ഉക്രെയ്ന്‍ പൗരന്‍മാരും വിമാനത്തിലുണ്ടായിരുന്നു.

English summary
7 Flights shot down by missiles since 1973, killed more than 1000 peoples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X