ലണ്ടനില്‍ മോഷ്ടിക്കപ്പെട്ടത് 80,000 ഫോണുകള്‍; പോകുന്നത് ഈ രാജ്യങ്ങളിലേക്ക്: ഞെട്ടിക്കുന്ന കണ്ടെത്തല്‍
ലണ്ടനില്‍ വില കൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. മലയാളികള്‍ അടക്കം നിരവധി വിനോദ സഞ്ചാരികള്‍ തങ്ങളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ട ദുരനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം യുകെയുടെ തലസ്ഥാനത്ത് എണ്‍പതിനായിരം ഫോണുകളാണ് മോഷണം പോയിട്ടുള്ളത്. ഇപ്പോഴിതാ ഈ ഫോണുകള്‍ എവിടേക്കു പോകുന്നു എന്നതില്‍ നിര്‍ണായക കണ്ടെത്തലാണ് പൊലീസ് നടത്തിയിട്ടുള്ളത്.
നഗര മധ്യത്തില്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് തിരിച്ചു കിട്ടാന്‍ സാധ്യത വളരെ കുറവാണ്. മുഖംമൂടി ധരിച്ചും ഇലക്ട്രിക് ബൈക്കുകളിലുമൊക്കെയായി വരുന്ന കള്ളന്മാരാണ് പട്ടാപ്പകല്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്ത് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നത്. സമീപകാലം വരെ ഫോണ്‍ മോഷ്ടിക്കപ്പെട്ട സംഭവങ്ങള്‍ക്ക് പൊലീസും വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അമിത ജോലി ഭാരം കാരണം ഫോണ്‍ മോഷണക്കേസുകള്‍ക്ക് കുറഞ്ഞ മുന്‍ഗണനയായിരുന്നു പൊലീസ് നല്‍കിയിരുന്നത്. ഇതു കുറ്റവാളികള്‍ മുതലെടുക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ലണ്ടന്‍ നഗരത്തില്‍ മാത്രം 80,000 വിലകൂടിയ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് യൂറോപ്പിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്ന കുപ്രസിദ്ധിയും ലണ്ടന് ചാര്‍ത്തികൊടുത്തു. കഴിഞ്ഞ മാസം ഈ ഫോണുകള്‍ കണ്ടെത്താന്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ ഷോപ്പുകളില്‍ വ്യാപകമായ റെയ്ഡാണ് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് നടത്തിയത്. ഇതില്‍ നിന്നാണ് നിര്‍ണായകമായ കണ്ടെത്തലുകള്‍ ഉണ്ടായത്. റെയ്ഡില്‍ മോഷ്ടിക്കപ്പെട്ട രണ്ടായിരത്തോളം ഫോണുകളും രണ്ട് ലക്ഷത്തോളം പൗണ്ടും പിടിച്ചെടുത്തു.
പെട്ടെന്ന് പണം സമ്പാദിക്കാന്‍ ചെറുകിട കള്ളന്മാര്‍ നടത്തുന്ന പോക്കറ്റടി എന്ന നിലയിലാണ് ഫോണ്‍ മോഷണത്തെ പൊലീസ് ആദ്യം കണ്ടിരുന്നത്. എന്നാല്‍ അതിനപ്പുറം വലിയ സ്വാധീനമുള്ള രാജ്യാന്തര കുറ്റകൃത്യ ശൃംഖല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. മോഷ്ടിക്കപ്പെട്ട 40000-ത്തിലേറെ ഫോണുകള്‍ ചൈന, നൈജീരിയ എന്നിവിടങ്ങളിലേക്ക് കടത്തിയതായി കണ്ടെത്തി.
ചില ഫോണുകള്‍ റീസെറ്റ് ചെയ്തു ബ്രിട്ടനില്‍ തന്നെ വില്‍ക്കുന്നു. ചൈനയില്‍ ഏറ്റവും പുതിയ മോഡലുകള്‍ വിറ്റാല്‍ 5000 ഡോളര്‍ വരെ കിട്ടും. ഇത് കുറ്റവാളികള്‍ക്ക് വലിയ ലാഭം ഉണ്ടാക്കുന്നുണ്ട്. യൂറോപ്യന്‍ സെല്‍ഫോണുകളുടെ വലിയ കരിഞ്ചന്തയായി ചൈന മാറിക്കഴിഞ്ഞു. മോഷ്ടിക്കപ്പെട്ട ബ്രിട്ടീഷ് ഫോണുകള്‍ ചൈനയില്‍ ഉപയോഗിക്കുന്നത് മറ്റു രാജ്യങ്ങളേക്കാള്‍ എളുപ്പവുമാണ്.
മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ ആരും സംശയിക്കാത്ത രീതിയില്‍ മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തുകയും വിദേശത്ത് കടത്തുകയും ചെയ്യുന്ന കട ഉടമകളും സംരംഭകരും യുകെയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കുറ്റകൃത്യ ശൃംഖലയിലെ ഏറ്റവും താഴത്തെ കണ്ണികളാണ് മോഷ്ടാക്കള്‍. പെട്ടെന്ന് പണം സമ്പാദിക്കാനും രണ്ടിലെ വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവ് നേരിടാനുമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ഇവര്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത്. ഇലക്ട്രിക് ബൈക്കുകളില്‍ എത്തിയാണ് മോഷണം നടത്തുന്നത്.
നടപ്പാതകളില്‍ ഉള്‍പ്പെടെ ബൈക്കുകള്‍ വേഗത്തില്‍ ഓടിച്ചുകയറ്റുകയാണ് ഫോണുകള്‍ തട്ടിപ്പറിക്കുന്നത്. ഇത് മോഷണത്തിന് ഇരയാകുന്നവരുടെ ജീവനു പോലും ഭീഷണിയാകുന്നുണ്ട്.












Click it and Unblock the Notifications