97കാരിക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമ
മിഷിഗന്‍: നന്നായി പഠിക്കാനുള്ള കഴിവുണ്ടെങ്കിലും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നവരുടെ വിഷമം അവരുടെ മരണംവരെ നീണ്ടുനില്‍ക്കും. സമൂഹത്തില്‍ എത്ര ഉന്നത സ്ഥാനങ്ങളിലെത്തിയാലും പഠനം ഉപേക്ഷിച്ച ദു:ഖത്തിന് പകരമാവില്ല. പറഞ്ഞുവരുന്നത് അമേരിക്കയിലെ മിഷിഗന്‍ സ്വദേശിയായ ഒരു അമ്മൂമ്മയെക്കുറിച്ചാണ്.
97 വയസു പ്രായമുള്ള അമ്മൂമ്മയുടെ വലിയ ദു:ഖങ്ങളിലൊന്നാണ് പഠനം തുടരാന്‍ കഴിഞ്ഞില്ലെന്നത്. എന്നാല്‍, തന്റെ വിഷമം 97ാം വയസില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഇപ്പോള്‍ മാര്‍ഗരറ്റ് എന്ന അമ്മൂമ്മ. 1936 കാത്തലിക് സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ പടിച്ചുകൊണ്ടിരിക്കെയാണ് മാര്‍ഗരറ്റിന് പഠനം നിര്‍ത്തേണ്ടിവന്നത്.

അമ്മയുടെ അസുഖം മൂലം അവരെ പരിപാലിക്കുന്നതിനായിട്ടായിരുന്നു പഠനം ഉപേക്ഷിച്ചത്. പിന്നീട് വിവാഹവും കുടുംബവും ഒക്കെ ആയതോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഹൈസ്‌കൂള്‍ ക്ലാസെങ്കിലും ജയിക്കണമെന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നു. വീട്ടുകാരോട് അത് ഇടയ്ക്കിടെ പറയുകയും ചെയ്യാറുണ്ട്.
എന്തായാലും അമ്മൂമ്മയുടെ വിഷമം മനസിലാക്കിയ ചെറുമക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. മാര്‍ഗരറ്റിന്റെ കഥയറിഞ്ഞതോടെ അവരെ തീര്‍ച്ചയായും ആദരിക്കേണ്ടതാണെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം സ്‌കൂള്‍ അങ്കണത്തില്‍വെച്ച് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍വെച്ച് ഹൈസ്‌കൂള്‍ ഡിപ്ലോമ നല്‍കി ആദരിക്കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുമ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നാണ് അമ്മൂമ്മയുടെ പ്രതികരണം.












Click it and Unblock the Notifications