ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം, കൊല്ലപ്പെട്ടത് അമൃത് മൊണ്ടാൽ
ബംഗ്ലാദേശിൽ ദീപു ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിന് ദിവസങ്ങൾക്കകം മറ്റൊരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമസംഭവങ്ങൾ വർധിക്കുന്നതിലുള്ള ആശങ്ക ഈ സംഭവം വീണ്ടും ഉയർത്തിയിരിക്കുകയാണ്. രാജ്‌ബാരി ജില്ലയിലാണ് ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സാമ്രാട്ട് എന്ന് വിളിക്കുന്ന അമൃത് മൊണ്ടാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രാജ്‌ബാരിയിൽ ഒരു സംഘം സാമ്രാട്ടിനെ ആക്രമിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സാമ്രാട്ടിനെ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്.
പോലീസ് സാമ്രാട്ടിനെ ഉടൻതന്നെ പാങ്ഷ ഉപസില ഹെൽത്ത് കോംപ്ലക്സിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചയുടൻ മരണം സ്ഥിരീകരിച്ചു. പാങ്ഷ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സാമ്രാട്ട് നേരത്തെയും നിയമപാലകർക്ക് പരിചിതനായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.

പോലീസ് നടത്തിയ അന്വേഷണത്തിൽ സാമ്രാട്ടിന്റെ ഒരു കൂട്ടാളിയെ അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് ഒരു പിസ്റ്റളും ഒരു സിംഗിൾ ഷൂട്ടർ തോക്കും കണ്ടെടുത്തതായി 'ദി ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് ചെയ്തു. സാമ്രാട്ടിനെതിരെ കൊലപാതകമടക്കം കുറഞ്ഞത് രണ്ട് കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പാങ്ഷ സർക്കിൾ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ദേബ്രത സർക്കാർ പറഞ്ഞു.
സാമ്രാട്ട് ഒരു ക്രിമിനൽ സംഘം രൂപീകരിച്ച് ദീർഘകാലമായി ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും എ.എസ്.പി. കൂട്ടിച്ചേർത്തു. ദീപു ദാസിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം എന്നതും ബംഗ്ലാദേശിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications