ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വന്‍ തീപിടുത്തം; ദുബായില്‍ ഇന്നുണ്ടാകുന്ന രണ്ടാമത്തെ അഗ്നിബാധ
ദുബായ്: ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വന്‍ തീപിടിത്തം. മാളിലേക്കുള്ള ലുലു പ്രവേശന കവാടത്തിന് തീപിടിച്ചതായും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഐകിയ, മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍, സെന്റര്‍ പോയിന്റ്, കാറെഫോര്‍ എന്നിവയുടെ ആസ്ഥാനമാണ് ഫെസ്റ്റിവല്‍ സിറ്റി.
തിങ്കളാഴ്ച വൈകുന്നേരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറത്ത് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിന്റെ തെക്ക് ഭാഗത്ത് ഒരു ചെറിയ തീപിടുത്തമുണ്ടായി എന്നാണ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അധികൃതര്‍ മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തുകയും പെട്ടെന്ന് തന്നെ തീ കെടുത്തിക്കളയുകയും ചെയ്തു. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ അഗ്‌നി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ആഗോള നയങ്ങളും നടപടിക്രമങ്ങളും പിന്തുടരുന്നുണ്ട് എന്നും പ്രസ്താവനയില്‍ പറയുന്നു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്നും സംഭവത്തില്‍ ഒരു അന്വേഷണം നടത്തുമെന്നും ഫെസ്റ്റിവല്‍ സിറ്റി അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. നേരത്തെ അല്‍ഖൂസില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അല്‍ഖൂസ് വ്യാവസായിക മേഖലയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അല്‍ഖൂസിലെ വ്യാവസായിക മേഖലയുടെ വടക്ക് ഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ച ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു എമാര്‍ ടവറിന് തീപിടിച്ചിരുന്നു. നവംബര്‍ ഏഴിന് പുലര്‍ച്ചെയാണ് 35 നിലകളുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.












Click it and Unblock the Notifications