ഭക്ഷണം നല്‍കുന്ന കുട്ടിക്ക് കാക്കകള്‍ നല്‍കുന്നത് കളിക്കോപ്പുകള്‍
ഭക്ഷണം നല്‍കുന്ന യജമാനനോട് സ്‌നേഹം കാണിക്കുന്ന പക്ഷികളും മൃഗങ്ങളുമൊക്കെ വാര്‍ത്തകളില്‍ സ്ഥാനം നേടിയിട്ടുണ്ട്. എന്നാല്‍ കാക്കകളുമായി അപൂര്‍വ ബന്ധം സ്ഥാപിച്ച ഒരു എട്ടുവയസുകാരിയുടെ വാര്‍ത്ത ലോക മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. റോമില്‍ താമിസിക്കുന്ന ഗാബി എന്ന കൊച്ചു മിടുക്കിയാണ് വാര്‍ത്തയിലെ താരം.
പക്ഷികളോടും മൃഗങ്ങളോടുമൊക്കെ ഗാബിക്ക് നന്നേ ചെറുപ്പം മുതല്‍ പ്രയമാണ്. അവയ്ക്ക് ആഹാരം കൊടുക്കുകയും അവര്‍ക്കൊപ്പം കളിക്കുകയും ചെയ്യുന്നത് മകള്‍ക്ക് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഗാബിയുടെ അമ്മയും പറയുന്നു. അടുത്തിടെ ഗാബി ഭക്ഷണം നല്‍കുന്ന കാക്കകള്‍ ഭക്ഷണത്തിന് പകരമായി കുഞ്ഞു കൂട്ടുകാരിക്ക് സമ്മാനവുമായെത്തുന്നത് ഗാബിയെയും അമ്മയെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മിന്നുന്ന വസ്തുക്കള്‍ എവിടെക്കണ്ടാലും അത് കാക്കകള്‍ കൊക്കിലൊതുക്കി ഗാബിക്ക് എത്തിച്ചിരിക്കും. പേപ്പര്‍ ക്ലിപ്പുകള്‍, നട്ടുകളും ബോള്‍ട്ടുകളും, ബട്ടനുകള്‍, ചെറിയൊരു ബള്‍ബ്, കമ്മലുകള്‍ തുടങ്ങി ഒട്ടേറെ കളിപ്പാട്ടങ്ങള്‍ അവര്‍ ഇതിനകം തന്നെ ഗാബിക്ക് സമ്മാനിച്ചു കഴിഞ്ഞു. ഒരിക്കല്‍ ഗാബിയുടെ നഷ്ടപ്പെട്ടുപോയ ക്യാമറ ലെന്‍സിന്റെ കവറും കാക്കകള്‍ തിരിച്ചെത്തിച്ചതായി അമ്മ പറഞ്ഞു.
ഗാബിയുടെ കൈയ്യിലുണ്ടായിരുന്ന കളിപ്പാട്ടങ്ങള്‍ കണ്ടാവണം കാക്കള്‍ ഇത്തരം സാധനങ്ങളുമായെത്തുന്നതെന്നാണ് അമ്മയുടെ നിരീക്ഷണം. വീട്ടില്‍ ബാക്കിവരുന്ന ഭക്ഷണ സാധനങ്ങള്‍, പീനട്ട് തുടങ്ങിയവയാണ് പ്രധാനമായും കാക്കകള്‍ക്ക് നല്‍കുന്നത്. ഗാബിയുടെയും കാക്കകളുടെയും അപൂര്‍വ സൗഹൃദം ഇതിനകം തന്നെ പല മാധ്യമങ്ങളിലും വീഡിയോ സഹിതം വാര്‍ത്തയായിട്ടുണ്ട്.












Click it and Unblock the Notifications