വിമാനത്തിൽ വെച്ച് മലയാളിക്ക് ദാരുണാന്ത്യം; സ്വീകരിക്കാനെത്തിയ ഭാര്യയെ തേടിയെത്തിയത് മരണവാർത്ത
എയർപോർട്ടിലെത്തിയ ഭാര്യ സോഫിയ അറിഞ്ഞത് ഭർത്താവിന്റെ മരണവാർത്തയായിരുന്നു.

ലണ്ടൻ: കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ വച്ച് മലയാളി മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ് നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എ1 - 149 വിമാനത്തിൽ വച്ചായിരുന്നു സംഭവം. ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയ അറിഞ്ഞത് ഭർത്താവിന്റെ മരണവാർത്തയായിരുന്നു.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കൽ പ്രഫഷണൽസിന്റെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം നൽകി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. അടിയന്തര മെഡിക്കൽ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം.
വിമാനം ലാൻഡുചെയ്തപ്പോഴേക്കും പൊലീസിന്റെയും അംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നു സന്ദേശമെത്തിയതായാണ് വിവരം.
ദിലീപിന്റെ മൃതദേഹം ഇപ്പോഴും ഹീത്രൂ വിമാനത്താവളത്തിൽ തന്നെയാണുള്ളത്. പൊലീസ് സഹായത്തോടെ തുടർ നടപടികൾ പൂർത്തിയാക്കിയേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. വിമാനത്തിൽവച്ചുതന്നെ മരണം സംഭവിച്ചതിനാൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായി വരും. വർഷങ്ങൾക്കു മുമ്പേ നോട്ടിങ്ങാമിലെത്തിയതാണ് ദിലീപ് ഫ്രാൻസിസ് ജോർജ്
മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം നിർമല കോളജിലെ പൂർവവിദ്യാർഥിയാണ്. ആദ്യഭാര്യയുടെ മരണശേഷം പാക്കിസ്ഥാൻ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്.
വിമാനത്തിൽനിന്നും ലഭിച്ച സന്ദേശം എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് ഈ വാർത്ത പുറംലോകം അറിഞ്ഞത്. പല വാട്സാപ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും സന്ദേശങ്ങൾ പ്രചരിച്ചതോടെ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞ് വീടു ലൊക്കേറ്റു ചെയ്യാനായി. എന്നാൽ അപ്പോഴേയ്ക്കും ഭർത്താവിനെ സ്വീകരിക്കാനായി സോഫിയ എയർപോർട്ടിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേതന്നെ സോഫിയയ്ക്ക് ഭർത്താവ് ഗുരുതരാവസ്ഥയിലാണെന്ന സന്ദേശം ലഭിച്ചു.
കൊച്ചിയിൽനിന്നുള്ള യാത്ര ആരംഭിച്ച് രണ്ടുമണിക്കൂർ ആകുമ്പഴേയ്ക്കും ദിലീപിന് നെഞ്ചുവേദന അനുഭവപ്പെട്ടു എന്നാണ് വിവരം.












Click it and Unblock the Notifications