ഇത് ഒന്നൊന്നര ലോട്ടറി തന്നെ; ലക്കിഡ്രോയിലൂടെ യുവാവിന് ലഭിച്ചത് 365 ദിവസം ശമ്പളത്തോട് കൂടി അവധി
ജോലി കിട്ടിയിട്ടു വേണം ലീവ് എടുക്കാൻ എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ. എന്നാൽ ജോലി കിട്ടിയ ശേഷം അവധിയേ എടുക്കാൻ പറ്റാത്ത ആളുകളുമുണ്ട്. ഒരു അവധിക്ക് വേണ്ടി പല കള്ളങ്ങളും പറയുന്ന ആളുകളുമുണ്ട്. എന്നാൽ ഇവിടെ 365 ദിവസം ഒരു ജീവനക്കാരന് അവധി ലഭിച്ചിരിക്കുകയാണ്. അതും അഴദി മാത്രമല്ല ശമ്പളത്തോട് കൂടിയുള്ള അവധി. ആ ഭാഗ്യവാനെക്കുറിച്ച് കൂടുതൽ അറിയാം.
ലീവ് കിട്ടാതെ വിഷമിക്കുന്ന എല്ലാ ജീവനക്കാർക്കും ഇപ്പോൾ ഇയാളോട് ദേഷ്യമൊക്കെ തോന്നുന്നുണ്ടാവാം. കൃത്യമായ കാരണം ബോധിപ്പിച്ചാല്‍ പോലും ലീവ് കിട്ടാതിരിക്കുമ്പോഴാണ് ഒരാൾക്ക് 365 ദിവസം ലീവ് കിട്ടുന്നത്. ചൈനയിലെ ഒരു യുവാവിന് ആണ് കമ്പനിയില്‍ നിന്ന് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി കിട്ടിയത്. അല്ല എങ്ങനെയാണ് ഇദ്ദേഹത്തിന് ഈ ഭാഗ്യം ലഭിച്ചതെന്നല്ലേ. വിശദമായി അറിയാം. കമ്പനിയുടെ വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയിലാണ് യുവാവിനെത്തേടി ഈ ഭാഗ്യം എത്തുന്നത്.

ഗ്വാങ്‌ഡോങ്ങിലെ ഷെന്‍ഷെനില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് കമ്പനിയുടെ ഓരോ വര്‍ഷവും നടത്താറുള്ള ഡിന്നര്‍ പരിപാടി നടന്നത്. എപ്പോഴും നടത്തുന്നത് പോലെ ലക്കി ഡ്രോ നടത്തിയപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ യുവാവിന്റെ പേരായിരുന്നു. 365 ദിവസം ശമ്പളത്തോട് കൂടിയ അവധി എന്ന് എഴുതിയ ചെക്കും പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ വീഡിയോ ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലാണ്.
എന്നാല്‍ ഇതു കണ്ട് കമ്പനിയുടെ മുതലാളിയും ഞെട്ടിപ്പോയി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സാധാരണയായി ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഇത്തരത്തില്‍ ലീവ് ലഭിക്കാറുണ്ട്. എന്നാല്‍ 365 ദിവസത്തെ ലീവിന്റെ കാര്യം ലക്കി ഡ്രോയില്‍ ഉള്‍പ്പെടുത്തിയത്
മുതലാളി അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മൂന്നുവര്‍ഷത്തിന് ശേഷമാണ് കമ്പനി ഓരോ വര്‍ഷവും നടത്തുന്ന ഡിന്നര്‍ പരിപാടി നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. തൊഴിലാളികളുടെ മാനസിക സമ്മര്‍ദ്ദം അകറ്റാനും കൂടുതല്‍ പോസിറ്റീവ് ഫലം ലഭിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ ലക്കി ഡ്രോ കമ്പനി സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. എല്ലാവർക്കും ഈ കമ്പനിയിൽ ജോലി കിട്ടണം എന്നാണ് ആഗ്രഹം . എപ്പോഴെങ്കിലും ഇങ്ങനെ ഭാഗ്യം വന്നാലോ...












Click it and Unblock the Notifications