5 വയസുകാരിയുടെ പിറന്നാളിന് ആരും വന്നില്ല; ഒരു മണിക്കൂറിനുള്ളിൽ ആ 'അത്ഭുതം' നടന്നു
പിറന്നാൾ ആഘോഷിക്കുക എന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. പുത്തൻ ഉടുപ്പ് ധരിച്ച്, കൂട്ടുകാരെയൊക്കെ വിളിച്ച് കേക്ക് ഒക്കെ മുറിച്ച് ആഘോഷിക്കാനായിരിക്കും അവർക്ക് ഇഷ്ടം. അങ്ങനെ തന്റെ മകളുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കാൻ ഒരമ്മ തീരുമാനിച്ചു.
ടെക്സാസിലെ കെല്ലറിലുള്ള ഒരു പ്രാദേശിക ബർഗർ റെസ്റ്റോറന്റിൽ വച്ച് മകൾ വില്ലയ്ക്കായി ലെക്സ് ഫിറ്റ്സ്ജെറാൾഡ് ഒരു ജന്മദിന പാർട്ടി പ്ലാൻ ചെയ്തിരുന്നു. മകളുടെ ക്ലാസിൽ പഠിക്കുന്ന കുട്ടികളേയും സുഹൃത്തുക്കളേയുമൊക്കെ ക്ഷണിച്ചിരുന്നു, വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു വരാം എന്ന് പറഞ്ഞത്.

20 മിനിറ്റ് നീണ്ട് നിൽക്കുന്ന ചെറിയൊരു പാർട്ടിയാണ് ഉദ്ദേശിച്ചത്. അതിഥികളെ കാത്ത് കുറേനേരം നിന്നു. പക്ഷേ ആരും വന്നില്ല. കുറച്ച് സമയം കൂടി നോക്കി പക്ഷേ കാര്യം ഉണ്ടായില്ല. ആരു വരില്ലെന്ന് അമ്മയ്ക്ക് മനസ്സിലായി.
മഴവില്ലിന്റെ ജന്മദിന കിരീടവും തിളങ്ങുന്ന വസ്ത്രവും ധരിച്ച പാവം വില്ലയെ ഈ വാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത് അവർ വിഷമിപ്പിച്ചു. വേഗം എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇക്കാര്യം മകൾ അറിയുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ലെക്സ് ഫിറ്റ്സ്ജെറാൾഡിന് ഒരു വഴി കിട്ടി.
ഉടൻ തന്നെ ഫേസ്ബുക്കിലെ ഒരു പ്രാദേശിക ഗ്രൂപ്പിൽ അവർ ഒരു പോസ്റ്റിട്ടു. സംഭവം വിശദീകരിച്ചു. പാർട്ടിക്ക് വരാൻ അവരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷം ക്ഷണിച്ചത് കൊണ്ട് തന്നെ ആരു വരില്ലെന്നാണ് അവർ കരുതിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ആ അത്ഭുതം നടന്നു.
പിറന്നാൾ പാർട്ടിയിലേക്ക് നിരവധി ആളുകൾ കുടുംബസമേതം എത്തി. അതിൽ ഒരാളെ പോലും ലെക്‌സ് ഫിറ്റ്‌സിന് പരിചയം ഉണ്ടായിരുന്നില്ല. തന്നെ വിഷമ ഘട്ടത്തിൽ സഹായിച്ചവർക്ക് ലെക്‌സ് ഫിറ്റ്‌സ് നന്ദി അറിയിച്ചു.
'നിങ്ങൾ എന്റെ മകൾക്ക് മാത്രമല്ല എനിക്കും സന്തോഷം നൽകി,'' അവൾ കുറിച്ചു. 'ഒരു അമ്മയെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടുവെന്ന് എനിക്ക് തോന്നിയപ്പോൾ നിങ്ങൾ എന്നെ ഉയർത്തി മുന്നോട്ട് കൊണ്ടുപോയി' അവർ കൂട്ടിച്ചേർത്തു.
നിരവധിപേരാണ് ഇവരുടെ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. മനോഹരമായ ദിവസം എന്നാണ് ഒരാൾ പറഞ്ഞത്. അതേസമയം ലക്സ് നേരത്തെ തന്നെ ക്ഷണിച്ച് അതിഥികളിലൊരാൾ വൈകിയാണെങ്കിലും പാർട്ടിക്ക് എത്തി. മനഹോരമായ ആഘോഷം എന്നാണ് അവർ കുറിച്ചത്.












Click it and Unblock the Notifications