48 മണിക്കൂര്‍ കൊണ്ട് എല്ലാം മഞ്ഞ് വിഴുങ്ങി; അമേരിക്കയില്‍ നിന്ന് പേടിപ്പെടുത്തുന്ന വീഡിയോ
വാഷിംഗ്ടണ്‍: അമേരിക്കയിലെ അതിശൈത്യത്തിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ പുറത്ത്. 48 മണിക്കൂറിനുള്ളില്‍ യുഎസ് നഗരത്തെ പൂര്‍ണ്ണമായും മൂടിയ ഹിമപാതത്തിന്റെ ഫലങ്ങള്‍ കാണിക്കുന്ന 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടൈം-ലാപ്‌സ് വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
ഒരു റോഡിന് സമീപം കുറച്ച് വാഹനങ്ങള്‍ പുല്‍ത്തകിടിയിലെ ഒരു കസേര എന്നിവയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട്, ഹിമപാതത്തിന്റെ ഫലമായുള്ള കാറ്റിന്റെ ഫലമായി പ്രദേശത്ത് മഞ്ഞ് വീഴാന്‍ തുടങ്ങുന്നു. വീഡിയോയുടെ രണ്ടാം പകുതിയില്‍, മുഴുവന്‍ പ്രദേശവും മഞ്ഞുമൂടിയതായി കാണാം. പിന്നീട് ഇവിടം ആകെ മഞ്ഞ് കൊണ്ട് നിറയുന്നതാണ് വീഡിയോ.

വീഡിയോ ഇതിനോടകം 3 ദശലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞിട്ടുണ്ട്. 50,000-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഒരേ സമയം മനോഹരവും അതോടൊപ്പം അസ്വസ്ഥതയുളവാക്കുന്നതുമായ വീഡിയോ ആണ് ഇത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം, വാരാന്ത്യത്തോടെ താപനില 50 ഡിഗ്രി ഫാരന്‍ഹീറ്റ് (10 ഡിഗ്രി സെല്‍ഷ്യസ്) വരെ ഉയരുമെന്നാണ് അമേരിക്കന്‍ നാഷണല്‍ വെതര്‍ സര്‍വീസ് പ്രവചചനം. മഞ്ഞുവീഴ്ച ചെറിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം കടുത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. നൂറ്റാണ്ടിലെ ഹിമപാതത്തില്‍ മരണസംഖ്യ 70 കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. അഞ്ചരക്കോടിയിലേറെ അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്.
രാജ്യത്ത് താപനില മൈനസ് 45 വരെ താഴ്ന്നിരുന്നു. അതിശൈത്യം കാരണം തകരാറിലായ രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുത നിലയങ്ങള്‍ വ്യാപകമായി തകരാറിലായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത് വിലങ്ങ് തടിയാണ്.


Click it and Unblock the Notifications