പാക്കിസ്ഥാനിലേക്ക്, സ്ഥിരീകരിച്ച് അബ്ബാസ് അറഗ്ചി; ഇറാൻ-യുഎസ് സമാധാന ചർച്ച പുനഃരാരംഭിച്ചേക്കും
പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി. പ്രത്യേക നയതന്ത്ര സംഘവും അദ്ദേഹത്തിനൊപ്പം ഉണ്ടാകും.ഇസ്ലാമാബാദ്, മസ്‌കത്ത്, മോസ്‌കോ എന്നിവിടങ്ങളിലേക്കുള്ള പ്രാദേശിക സന്ദർശനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം പാക്കിസ്ഥാനും സന്ദർശിക്കുന്നത്. ഇവിടെ വെച്ച് ഇറാൻ-യു.എസ് രണ്ടാം ഘട്ട സമാധാന ചർച്ച പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അയൽക്കാർക്കാണ് ഞങ്ങളുടെ മുൻഗണന,' തെഹ്‌റാനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അരാഗ്ചി എക്സിൽ കുറിച്ചു. പാക് മധ്യസ്ഥ സംഘവുമായി ചർച്ചകൾക്ക് ശേഷം യുഎസ്-ഇറാൻ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം ഇസ്ലാമാബാദിൽ നടക്കുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ സുഗമമാക്കാൻ ഒരു യുഎസ് ലോജിസ്റ്റിക്സ്, സുരക്ഷാ സംഘവും ഉന്നതതല യുഎസ് പ്രതിനിധി സംഘവും ഇസ്ലാമാബാദിലെത്തും.

പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറും അരാഗ്ചിയും ഫോണിൽ സംഭാഷണം നടത്തിയിരു്നനു. പ്രാദേശിക സംഭവവികാസങ്ങൾ, വെടിനിർത്തൽ, യുഎസ്-ഇറാൻ വിഷയത്തിലെ നയതന്ത്ര ശ്രമങ്ങൾ എന്നിവ നേതാക്കൾ ചർച്ച ചെയ്തു. സമാധാനത്തിനായി തുടർച്ചയായ സംഭാഷണത്തിൻ്റെ പ്രാധാന്യം ദാർ ചർച്ചയിൽ ഊന്നിപ്പറഞ്ഞു. പാകിസ്ഥാൻ്റെ ക്രിയാത്മകമായ ഇടപെടലിന് അരാഗ്ചി നന്ദി അറിയിച്ചു. അരാഗ്ചി പാക് സൈനിക മേധാവി ആസിം മുനിറുമായും സംസാരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പാകിസ്ഥാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല.ഏപ്രിൽ 11, 12 തീയതികളിലെ ആദ്യഘട്ട യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സംഘർഷം ലഘൂകരിക്കാനും ചർച്ചകൾ പുനഃരാരംഭിക്കാനും പാകിസ്ഥാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയിരുന്നു.
അതിനിടെ ഇന്ന് ഇറാനെതിരെ യുഎസ് വീണ്ടും ഭീഷണി ഉയർത്തി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ ശ്രമിക്കുന്ന ഇറാനിയൻ വേഗ ബോട്ടുകളെ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവർത്തിക്കുകയാണുണ്ടായത്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് യുഎസ് വെടിനിർത്തൽ നീട്ടിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ യുഎസിനാണ് പൂർണ്ണ നിയന്ത്രണം ഉള്ളതെന്നും തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ഒരു കരാറുണ്ടാക്കുന്നതുവരെ കടലിടുക്ക് പൂർണമായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്.
പാക്കിസ്ഥാൻ ഇടപെട്ടതിനാലാണ് വെടിനിർത്തൽ നീട്ടിവെച്ചതെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമായതിനാലാണ് തീരുമാനമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications