ദോക്ലാമില്‍ ഇപ്പോഴും ചൈനീസ് സൈനികര്‍, ഇന്ത്യ കബളിപ്പിക്കപ്പെട്ടു, ജാഗ്രതൈ!!

ദില്ലി: ദോക്ലാം പ്രശ്നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടു എന്ന് ഇന്ത്യയും ചൈനയും സമ്മതിച്ച് 5 ആഴ്ചകള്‍ കഴിഞ്ഞും പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ തങ്ങളെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്കിം അതിര്‍ത്തിയില്‍ 1000 ത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ആഗസ്റ്റ് 28 നാണ് മൂന്നു മാസത്തോളം നീണ്ട ദോക്ലാം സംഘര്‍ം ചര്‍ച്ചകളിലൂടെ പരിഹരിച്ചു എന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്. അതു കഴിഞ്ഞ് മൂന്ന് ആഴ്ചകള്‍ക്കു ശേഷമാണ് സിക്കിം അതിര്‍ത്തിയില്‍ ഇപ്പോഴും ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.

1000 ത്തോളം സൈനികര്‍
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 1000 ത്തോളം സൈനികര്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സ്ഥലത്തു നിന്നും 800 മീറ്റര്‍ അകലെയാണ് ഇവര്‍ നില്‍ക്കുന്നതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിക്കിം അതിര്‍ത്തിയിലെ ചുംബായ് താഴ്വരയില് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവ വ്യാഴാഴ്ച പറഞ്ഞിരുന്നു.

പിന്മാറുമെന്ന് പ്രതീക്ഷ
ചൈനീസ് സൈന്യം ഉടന്‍ പിന്മാറുമെന്ന പ്രതീക്ഷയും ബിഎസ് ധനോവ പ്രകടിപ്പിച്ചിരുന്നു. ചൈനയോടും പാകിസ്താനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയ്യാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു.

വേണമെങ്കില്‍ യുദ്ധം
സര്‍ക്കാര്‍ തിരുമാനിക്കുന്ന ഏതു മിന്നലാക്രമണവും നടത്താന്‍ തങ്ങള്‍ സജ്ജമാണ്, സേനയ്ക്ക് യുദ്ധത്തിന് വേണ്ടത് 42 ഓളം വിമാനവ്യൂഹങ്ങളും അതിനു ആവശ്യമായ സൈനികരുമാണ്. 2032ഓടെ അത് സേനയ്ക്ക് ലഭ്യമാവും. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഒരു യുദ്ധത്തെ പ്രതിരോധിക്കാന്‍ സേനയ്ക്ക് സാധ്യമാവില്ലെന്നല്ല എന്നും ബിഎസ് ധനോവ പറഞ്ഞു.

കബളിപ്പിക്കപ്പെട്ടു
ഇന്ത്യ കബളിപ്പിക്കപ്പെട്ടു എന്ന തോന്നലുണ്ടാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സിക്കിം അതിര്‍ത്തിയിലെ ദോക്ലാമില്‍ ജൂണ്‍ മുതല്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഉടന്‍ യുദ്ധമുണ്ടാകും എന്ന സാഹചര്യമായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് മഞ്ഞുരുകിയത്.

പിന്മാറിയില്ല
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ ദോക് ലാമില്‍ നിന്നു ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നാണ് വ്യക്തമാക്കിയിരുന്നത്. ചൈന-ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തി പ്രദേശമായ ദോക്ലാമിലാണ് സംഘര്‍ഷം നിലനിന്നിരുന്നത്.