കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അബുദാബി: വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ
അബുദാബി: കൊറോണ വൈറസ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അബുദാബി. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ വ്യാഴാഴ്ച മുതൽ സാമ്പത്തിക, വിനോദ സഞ്ചാര, വിനോദ വിഭാഗങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കാം. വിനോദ കേന്ദ്രങ്ങൾക്കും റസ്റ്റോറന്റുകൾക്കും നഴ്സറികൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും ഇതോടൊപ്പം ഇളവുകളുണ്ടായിരിക്കുമെന്നാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്.
യുഎഇയിലെ ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ ടെസ്റ്റിന്റെ ഫലം ഹാജരാക്കേണ്ടതുണ്ട്. തുടർച്ചയായി താമസിക്കുകയാണെങ്കിൽ ആറാം ദിവസമാണ് പിസിആർ ടെസ്റ്റ് നടത്തേണ്ടത്. ആദ്യം നാല്, എട്ട് എന്നീ ക്രമത്തിലായിരുന്നു പിസിആർ ടെസ്റ്റ് നടത്തേണ്ടിയിരുന്നത്.

കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ക്വാറന്റൈൻ പത്ത് ദിവസമാക്കി കുറച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി അബുദാബിയിൽ താമസിക്കുന്നവർ രാജ്യത്തെത്തി 6, 12 ദിവസങ്ങളിൽ അധികം രാജ്യത്ത് താമസിക്കുന്നവർ ആറും പന്ത്രണ്ടും ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണമെന്നും ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം കൊവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ 10 ദിവസമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. എട്ട് ദിവസത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ ഫലം നെഗറ്റീവായാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ട്. എന്നാൽ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് ക്വാറന്റൈൻ ചട്ടങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്ത് പോയി തിരിച്ചെത്തിയാലും ഇത്തരക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല.












Click it and Unblock the Notifications