കൊറോണ വൈറസിന് ഒരുവയസ് തികഞ്ഞു! 2019 ഡിസംബര്‍ ഒന്നിനാണ് ആദ്യ കോവിഡ് രോഗി ഉണ്ടായതെന്ന് പഠനം
ലണ്ടന്‍: പ്രമുഖ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ആദ്യമായി കൊറോണ വൈറസ് ബാധയുണ്ടായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ ഹുബൈ പ്രദേശത്തിന്റെ തലസ്ഥാനമായ വുഹാനില്‍ 2019 ഡിസംബര്‍ ഒന്നിനാണ് കോവിഡ് രോഗബാധയുടെ ലക്ഷണവുമായി ഒരു രോഗിയെ കണ്ടെത്തുന്നത്.
വുഹാനില്‍ ഡിസംബര്‍ ആദ്യം പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗബാധയെ ചെനീസ് ഭരണ കൂടം കൈകാര്യം ചെയ്ത രീതിയാണ് കോവിഡ് മഹാമാരി ഇത്രയും വ്യാപിക്കാന്‍ കാരണമായതെന്നും ജേണല്‍ കുറ്റപ്പെടുത്തുന്നു. ഡിസംബര്‍ ആദ്യ വാരം തന്നെ നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ പിടിപെട്ടിരുന്നു എന്നാല്‍ ഈ വൈറസ് രോഗത്തെ ലോകത്ത് നിന്നും മറച്ചു വെക്കുന്ന സമീപനമാണ് ചൈന സ്വീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും, മരണപ്പെട്ട രോഗികളുടെ എണ്ണവും യഥാര്‍ഥമല്ലാത്ത കണക്കുകള്‍ ആണ് ചൈനീസ് ഭരണ കൂടം പുറത്ത് വിട്ടതെന്നും ലാന്‍സെറ്റിന്റെ പഠനത്തില്‍ പറയുന്നു.
ഡിസംബര്‍ 31നാണ് ഒദ്യാഗികമായി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെപ്പറ്റി ചൈന ഔദ്യോഗകമായി സ്ഥിരീകരണം നല്‍കുന്നത്. എന്നാല്‍ അപ്പോഴേക്കും വുഹാനില്‍ മാത്രം രണ്ടായിരത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
ലോക ചരിത്രത്തില്‍ത്തന്നെ ഇതുവരെയും മനുഷ്യന് നേരിടാത്ത തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കോവിഡ് കാലഘട്ടം കടന്നു പോകുന്നത്. ലോകത്തെ മുക്കിലും മൂലയിലും വ്യാപിച്ച കോവിഡ് വൈറസ് യുറോപ്പിലും യുഎസിലും സംഹാര താണ്ഡവമാടുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്.
കഴിഞ്ഞ ഒരുവര്‍ഷമായി ലോകത്തെ സകലതും കടന്നു പോകുന്നത് കോവിഡിന്റെ വഴിയെ ആണ്. രാഷ്ട്രീയവും സാമ്പത്തികവുമായ മനുഷ്യ വംശത്തിന്റെ സകല ഇടങ്ങളിലും കഴിഞ്ഞ ഒരാണ്ട് കാലയളവില്‍ കോവിഡിനേക്കാള്‍ വലിയ സ്വാധീനം മറ്റൊന്നിനുമില്ല.
ലോകത്തെ മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചത് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിക്കു പോലും നോവല്‍ കൊറോണയെന്ന കുഞ്ഞന്‍ വൈറസ് കാരണമായി. ഒരുവര്‍ഷം പിന്നിടുമ്പോഴും കൊറോണ വൈറസിന് ശാശ്വത പരിഹാരം കാണാന്‍ ലോകത്തിന് ആധിച്ചിട്ടില്ല എന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്.
കൊറോണയില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാതെ കൊറോണ വൈറസിനോടൊപ്പം ജീവിക്കാന്‍ സമൂഹം പഠിക്കണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലോകത്തെ എല്ലാവരും കോവിഡില്‍ നിന്നും മുക്തരാകാതെ നമ്മള് ഒരോരുത്തര്‍ക്കും കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കില്ല എന്ന് ലോകരോഗ്യ സംഘടന തലവനായ ടെഡ്രോസ് അദനോം ഇന്നലെ ട്വിറ്ററില്‍ കുറിച്ചു.
2021 തുടക്കത്തില്‍ കോവിഡിനെതിരായ വാക്സിന് ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ള വാക്സിന് കമ്പനികള്‍ ഉറപ്പ് നല്‍കുന്നത്. കോവിഷീല്‍ഡ്,മൊഡോണ, പുലിഫ്സര്‍ തുടങ്ങിയ കോവിഡ് വാകിസിനുകള്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട.് എന്നാല്‍ ഈ വാക്സിനുകള്‍ കൊണ്ടെല്ലാം കൊറോണ വൈറസിനെ ലോകത്ത് നിന്നു തുടച്ചു നീക്കാനാവുമെന്ന ഉറപ്പ് ഇതുവരെയും ലഭിച്ചിട്ടില്ല. വാക്സിനേഷന് ആരംഭിച്ചാല്‍ തന്നെ ചുരുങ്ങിയത് ലോകത്തെ മുഴുവന്‍ ജനങ്ങളിലേക്കും വാകിസിന് ഡോസുകള്‍ എത്തിക്കാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷം എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ ആറരക്കോടിക്ക് അടുത്ത ആളുകള്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. 14 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത്. ഒന്നരക്കോടിക്കടുത്ത് ആളുകള്‍ക്ക് അമേരിക്കയില്‍ കോവിഡ് ബാധിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ.് 94 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിതരായത്.