വിവാഹത്തിന് തൊട്ട്മുമ്പ് വധുവിന് നേരെ ആസിഡ്ഒഴിച്ചു

ലുധിയാനയിലെ ബര്‍ണാലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വിവാഹമായതിനാല്‍ ഒരുക്കത്തിന് വേണ്ടി ബ്യൂട്ടി പാര്‍ലറില്‍ പോയതായിരുന്നു യുവതി. ഉച്ചയ്ക്ക് വിവാഹം നടക്കാനിരിക്കെ രാവിലെയാണ് സംഭവം. പാര്‍ലറിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കടയില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും പൊള്ളലേറ്റതായി റിപ്പോര്‍ട്ടുണ്ട്.
യുവതിയുടെ മുഖത്തും ശരീരത്തിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. കണ്ണിനും നെഞ്ചിനും മുഖത്തും ഗുരുതരമായ പൊള്ളലാണ്. കാഴ്ചശക്തി തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കപ്രകടിപ്പിച്ചു. 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും മെഡിക്കല്‍വൃത്തങ്ങള്‍ അറിയിച്ചു.
പെണ്‍കുട്ടിയോടും വീട്ടുകാരോടും യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തുകയും എന്നാല്‍ അതിന് അവര്‍ എതിരു നിന്നതുമാണ് ആസിഡ് ആക്രമണത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബ്യൂട്ടി പാര്‍ലറിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സഹോദരനാണ് പ്രതി. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ വിവാഹം മാറ്റിവച്ചു.












Click it and Unblock the Notifications