നിയമവ്യവസ്ഥയിലെ വിശ്വാസം നഷ്ടപ്പെട്ടു; ഡെപ്പിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ്, ട്വിസ്റ്റ്
ന്യൂയോര്‍ക്ക്: മുന്‍ ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിന് എതിരായ മാനനഷ്ടക്കേസില്‍ പരാജയപ്പെട്ട നടി ആംബര്‍ ഹേര്‍ഡ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആംബര്‍ ഹേര്‍ഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് പുതിയ പ്രഖ്യാപനവുമായി നടി രംഗത്തെത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഒന്നടങ്കം ചര്‍ച്ചചെയ്ത വിഷയമായിരുന്നു ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡുമായുള്ള നിയമയുദ്ധം. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ആംബര്‍ ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജോണി ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്.

ഈ കേസ് ആണ് ഒത്തുതീര്‍പ്പാക്കാന്‍ ആംബര്‍ ഹേര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സമയത്തിന് താന്‍ ഏറെ പ്രാധാന്യം കൊടുക്കുന്നു എന്നും തന്റെ സമയം ലക്ഷ്യബോധത്തോടെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ആംബര്‍ ഹേര്‍ഡ് പറഞ്ഞു. സത്യം പറഞ്ഞതിന് സ്ത്രീകള്‍ക്ക് അധിക്ഷേപമോ പാപ്പരത്തമോ നേരിടേണ്ടിവരുന്നത് വളരെ സാധാരണമായിരിക്കുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു എന്നും അവര്‍ പറഞ്ഞു.

അതിജീവിച്ചവരുടെ കഥ പറയാനുള്ള കഴിവാണ് പലപ്പോഴും ഒരേയൊരു ആശ്വാസമായി തോന്നുന്നുത്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ആംബര്‍ ഹേര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്.

2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ആണ് ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായി ആംബര്‍ ഹേര്‍ഡ് സ്വയം അവതരിച്ചത്. എന്നാല്‍ ലേഖനത്തില്‍ ജോണി ഡെപ്പിന്റെ പേരോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ആംബര്‍ ഹേര്‍ഡിന്റെ കുറിപ്പിന് പിന്നാലെ ഡിസ്‌നി അടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സിനിമകളില്‍ നിന്ന് ജോണി ഡെപ്പിനെ ഒഴിവാക്കി.

ഇതോടെ തന്നെ വ്യക്തിഹത്യ നടത്താനും തന്റെ സിനിമാ ജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചാണ് ലേഖനം എന്ന് ആരോപിച്ചാണ് 2019-ല്‍ ജോണി ഡെപ്പ് നിയമപോരാട്ടം തുടങ്ങിയത്. അഞ്ചു കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ആണ് അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ആംബര്‍ ഹേര്‍ഡും നല്‍കി. 2015-ലായിരുന്നു ആംബര്‍ ഹേര്‍ഡിന്റേയും ജോണി ഡെപ്പിന്റേയും വിവാഹം.


Click it and Unblock the Notifications