120 ദിവസം കടലിനടിയില്‍; ഒടുവില്‍ അതു സ്വന്തമാക്കി എയ്റോസ്പേസ് എന്‍ജിനീയര്‍
ഗിന്നസ് ബുക്കില്‍ എത്താന്‍ ഓരോരുത്തര്‍ കണ്ടെത്തുന്ന വഴികള്‍ വ്യത്യസ്ഥമാണ്. ചിലര്‍ ഈ റെക്കോഡിനായി സാഹസികതയുടെ അങ്ങേയറ്റം പരീക്ഷിക്കും. അത്തരമൊരു പരീക്ഷണം വിജയം കണ്ടതിന്റെ ആഹ്‌ളാദത്തിലാണ് ജര്‍മന്‍കാരനായ റുഡിഗര്‍ കോച്ച്.
59 വയസുകാരനായ ഇദ്ദേഹം 120 ദിവസം കടലിനടിയില്‍ കഴിഞ്ഞ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. അതും വെള്ളത്തിനടിയില്‍ 11 മീറ്റര്‍ ആഴത്തില്‍ ഒരു കുഞ്ഞന്‍ ക്യാപ്സ്യൂളിനുള്ളിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

പനാമ തീരത്ത് കടലിനടിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതിന്റെ ലോക റെക്കോര്‍ഡാണ് ഈ ജര്‍മ്മന്‍ എയ്റോസ്പേസ് എന്‍ജിനീയര്‍ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഒരു തടാകത്തില്‍ 100 ദിവസം താമസിച്ച ജോസഫ് ഡിറ്റൂരിയുടെ റെക്കോര്‍ഡാണ് റുഡിഗര്‍ കോച്ച് മറികടന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വിധികര്‍ത്താവായ സൂസന്ന റെയ്സിന്റെ സാന്നിധ്യത്തിലാണ് റൂഡിഗര്‍ കോച്ച് കടലിനടിയിലെ തന്റെ 320 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്യാപ്‌സ്യുളില്‍ നിന്ന് പുറത്തുവന്നത്.
എയ്റോസ്പേസ് എന്‍ജിനീയറായ റുഡിഗര്‍ കോച്ചിന്റെ വെള്ളത്തിനടിയിലെ അസാധാരണ ജീവിതം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല.
320 ചതുരശ്ര മീറ്ററാണ് ഈ കുഞ്ഞന്‍ ക്യാപ്‌സ്യുളിന്റെ ആകെ വിസ്തൃതി. ക്യാപ്സ്യൂള്‍ കുഞ്ഞാണെങ്കിലും ആധുനിക സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. കിടക്കാനുള്ള സൗകര്യം, ടോയ്ലറ്റ്, ടിവി, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവയും വ്യായാമം ചെയ്യുന്നതിന് എക്സര്‍സൈസ് ബൈക്കും ഉള്‍പ്പെടെ ഇതിനുള്ളിലുണ്ട്. എന്നാല്‍ കുളിക്കാനുള്ള സൗകര്യം ഈ ക്യാപ്സ്യൂളിനില്ലെന്നതാണ് റുഡിഗര്‍ കോച്ചിനെ വലച്ചത്.
ആധുനിക സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും വെള്ളത്തിനടിയില്‍ 11 മീറ്റര്‍ ആഴത്തില്‍ താമസിക്കുന്നതിന് നല്ല റിസ്‌കുണ്ട്. ഇതൊരു വലിയ സാഹസികതയായിരുന്നു. ഈ അനുഭവം വിവരിക്കാന്‍ കഴിയില്ല, അത് സ്വയം അനുഭവിക്കണം - റുഡിഗര്‍ കോച്ച് ദി ഗാര്‍ഡിയനോടു പറഞ്ഞു. കടല്‍ ശാന്തമായിരിക്കുമ്പോള്‍ ഈ ജീവിതം ഏറെ മനോഹരമാണ്. ഇരുട്ടാകുമ്പോള്‍ കരീബിയന്‍ കടല്‍ തിളങ്ങുന്നത് കാണാം.
വടക്കന്‍ പനാമയുടെ തീരത്ത് നിന്ന് ബോട്ടില്‍നിന്ന് ഏകദേശം 15 മിനിറ്റ് യാത്ര ചെയ്താല്‍ ക്യാപ്സ്യൂളിന് സമീപം എത്താന്‍ കഴിയും.
ഇദ്ദേഹം താമസിക്കുന്ന ക്യാപ്സ്യൂള്‍ കടലിന് മുകളിലുള്ള ചേമ്പറിലേക്ക് ഒരു ട്യൂബ് വഴി ഘടിപ്പിച്ചിട്ടുണ്ട്. റുഡിഗര്‍ കോച്ചിന്റെ ടീമിലെ മറ്റ് അംഗങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത്. ഭക്ഷണവും ഡോക്ടറുടെ സേവനവുമൊക്കെ ഇതിലൂടെ നല്‍കുന്നു.
വെള്ളത്തിനടയിലെ ചേംബര്‍ മത്സ്യങ്ങള്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ്. ഒരു കൃത്രിമ പാറയായി ഇതു പ്രവര്‍ത്തിക്കുന്നു. ഉപരിതലത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കി. ഒരു ബാക്കപ്പ് ജനറേറ്ററുമുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് ഇദ്ദേഹം കടലിനടിയില്‍ താമസം ആരംഭിച്ചത്. ജനുവരി 24നാണ് ദൗത്യം പൂര്‍ത്തിയായത്. വലിയ കൊടുങ്കാറ്റായിരുന്നു ദൗത്യത്തിന് പ്രതിസന്ധിയായി നിന്നത്. ഡോക്ടര്‍ക്കും മക്കള്‍ക്കും ഭാര്യക്കും മാത്രമാണ് കോച്ചിനെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നത്.
കനേഡിയന്‍ വ്യവസായിയായ ഗ്രാന്‍ഡ് റോമണ്ട് ആണ് ദൗത്യത്തിന് ആവശ്യമായ പിന്തുണ നല്‍കിയത്. ക്യാപ്സൂളില്‍ സ്ഥാപിച്ച നാല് ക്യാമറകള്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. കരയില്‍ തിരിച്ചെത്തിയാല്‍ ഉടനെ എന്ത് ചെയ്യുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നന്നായി കുളിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications