യുഎഇ മോഡല്‍ ഗോള്‍ഡന്‍ വിസയുമായി അഫ്ഗാനിസ്താന്‍; 10 വര്‍ഷം താമസം, ലക്ഷ്യം ഇതാണ്
കാബൂള്‍: ദീര്‍ഘകാല വിസകളില്‍ യുഎഇ നടപ്പാക്കിയതാണ് അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയായിരുന്നു യുഎഇയുടെ ലക്ഷ്യം. പത്ത് വര്‍ഷം താമസിക്കാവുന്ന ഗോള്‍ഡന്‍ വിസ യുഎഇ നല്‍കിയപ്പോള്‍ പല രാജ്യങ്ങളും ഇതേപാത പിന്തുടര്‍ന്നു. ഒമാനും ബഹ്‌റൈനും സൗദി അറേബ്യയുമെല്ലാം വ്യത്യസ്തമായ ദീര്‍ഘകാല വിസകള്‍ പ്രഖ്യാപിച്ചു.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അഫ്ഗാനിസ്താന്‍ പ്രഖ്യാപിച്ച ദീര്‍ഘകാല വിസയാണ്. ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ളതാണ് അഫ്ഗാനിലെ ദീര്‍ഘകാല താസമ വിസ. രാജ്യത്ത് നിക്ഷേപം നടത്തുന്നവര്‍ക്കാണ് ഈ അനുമതി ലഭിക്കുക. നിക്ഷേപത്തിന്റെ തോത് അനുസരിച്ചാണ് എത്ര കാലം താമസിക്കാം എന്ന് തീരുമാനിക്കുക എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്താനില്‍ സുസ്ഥിര സര്‍ക്കാര്‍ നിലവില്‍ വന്നതോടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചൈനയും റഷ്യയും സൗദി അറേബ്യയും ഖത്തറുമെല്ലാം അഫ്ഗാനില്‍ നിക്ഷേപിക്കാന്‍ സജീവമായി രംഗത്തുണ്ട്. ഇന്ത്യയും അഫ്ഗാനുമായുള്ള ബന്ധം ദൃഢമാക്കുകയാണ്.
അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടപ്പോള്‍ പുതിയ താലിബാന്‍ സര്‍ക്കാരിനോട് എന്തു സമീപനം സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് അവ്യക്തതയുണ്ടായിരുന്നു. പുതിയ സര്‍ക്കാരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം തീരുമാനിക്കാമെന്നായിരുന്നു ധാരണ. പാകിസ്താനെ മറികടക്ക് മധ്യേഷ്യയിലെ ഇന്ത്യയുടെ വാണിജ്യ ലക്ഷ്യങ്ങള്‍ നേടാന്‍ അഫ്ഗാന്റെ സഹകരണം ആവശ്യമാണ്. ഇക്കാര്യം കൂടി കണക്കിലെടുത്ത് അഫ്ഗാനുമായി നല്ല ബന്ധത്തിന് ശ്രമിക്കുകയാണ് ഇന്ത്യ.
താമസ കാലാവധി തീരുമാനിക്കുന്നത് ഇങ്ങനെ
അഫ്ഗാന്‍ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തി ചര്‍ച്ച നടത്തുകയും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. താലിബാന്‍ പ്രതിനിധിയെ ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്ര പ്രതിനിധിയായി നിയോഗിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും ബന്ധം ദൃഢമാക്കിയിരിക്കെയാണ് അഫ്ഗാനിലെ പുതിയ ദീര്‍ഘകാല വിസ മാധ്യമങ്ങളില്‍ നിറയുന്നത്. അഫ്ഗാന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ച രാജ്യം കൂടിയാണ് ഇന്ത്യ.
അഫ്ഗാനിലെ അണക്കെട്ട് നിര്‍മാണം, ദേശീയ പാത നിര്‍മാണം എന്നിവയ്ക്ക് ഇന്ത്യ വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കെ അഫ്ഗാനിലേക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും അയച്ച് ഇന്ത്യ സഹായിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായി അടുത്ത സൗഹൃദത്തിന് അഫ്ഗാന്‍ ഭരണകൂടം ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അഫ്ഗാനിലെ ദീര്‍ഘകാല വിസാ അവസരം ഇന്ത്യന്‍ നിക്ഷേപകര്‍ ഉപയോഗപ്പെടുത്തിയേക്കാം.
സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ഉപപ്രധാനമന്ത്രി മുല്ല അബ്ദുല്‍ ഘനി ബറാദര്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ദീര്‍ഘകാല വിസ നല്‍കാന്‍ ധാരണയായത്. നിക്ഷേപത്തിന്റെ തോത് കണക്കിലെടുത്താണ് എത്രകാലം താമസിക്കാന്‍ അനുമതി നല്‍കണം എന്ന് തീരുമാനിക്കുക. ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സമതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ധാതു ഖനന മേഖലയില്‍ കോടികളുടെ നിക്ഷേപമാണ് അഫ്ഗാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications