വന്‍ ഭൂകമ്പം; മരണം 600 കടന്നു, അഫ്ഗാനിലെ ഗ്രാമങ്ങള്‍ തകര്‍ന്നടിഞ്ഞു, കനത്ത നാശനഷ്ടം
കാബൂള്‍: അഫ്ഗാനിസ്താനില്‍ വന്‍ ഭൂകമ്പം. 800ല്‍ അധികം പേര്‍ മരിച്ചുവെന്നും 2800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ട്. നിരവധി വീടുകള്‍ തകര്‍ന്നതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ട് എന്നാണ് വാര്‍ത്ത. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. നങ്കര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് ജില്ലയുടെ ഉള്‍ഗ്രാമങ്ങളിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൃതദേഹങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ വരുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയാണ് റിക്ടര്‍ സ്‌കൈലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂമിക്കടിയില്‍ എട്ട് കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്ന് കരുതുന്നു. അധികം താഴ്ചയില്‍ അല്ലാതെ ഭൂകമ്പമുണ്ടായതാണ് നാശനഷ്ടം വര്‍ധിക്കാന്‍ കാരണം എന്നാണ് നിഗമനം.

800 പേര്‍ മരിച്ചു എന്നാണ് ഇതുവരെ ലഭിച്ച വിവരം എന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ മതീന്‍ ഖാനി അറിയിച്ചു. കുണാര്‍ പ്രവിശ്യയിലും കനത്ത നാശമുണ്ടായിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായി നശിച്ച പോലെയാണെന്നും നിരവധി വീടുകള്‍ തകര്‍ന്നുവെന്നും 2800 പേര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം അറിയിച്ചു.
ഭൂകമ്പം നടന്ന മേഖലയില്‍ 2.71 ലക്ഷം പേര്‍ താമസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇനിയും ഈ മേഖലയില്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ പ്രവചിക്കുന്നു. മരണ സംഖ്യ കൂടുമെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുണാര്‍, നങ്കര്‍ഹാര്‍, കാബൂള്‍ എന്നിവിടിങ്ങളില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരും വൈദ്യസഹായ സംഘങ്ങളും ഇവിടെ എത്തിയിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ അറിയിച്ചു.
ചെളിയും കല്ലും ഉപയോഗിച്ചാണ് ഇവിടെയുള്ള വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവയില്‍ മിക്കതും പൂര്‍ണമായി തകര്‍ന്നു. പലതും ഭാഗികമായും. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ഖ്വയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി എന്നും വാര്‍ത്തകളുണ്ട്. വിദേശരാജ്യങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്ന് അഫ്ഗാന്‍ വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു.
ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 4.3 തീവ്രത രേഖപ്പെടിത്തിയ ഭൂകമ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ചെറുതും വലുതമായ ഭൂകമ്പങ്ങളില്‍ 1000ത്തില്‍ അധികം പേരാണ് അഫ്ഗാനിസ്താനില്‍ മരിച്ചത്. 2023 ഒക്ടോബറില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 4000 പേരാണ് അഫ്ഗാനില്‍ മരിച്ചത്.












Click it and Unblock the Notifications