യുഎസ് ഭീഷണി വകവെക്കാത്ത ഇന്ത്യയക്ക് റഷ്യയുടെ സമ്മാനം; എണ്ണയ്ക്ക് പിന്നാലെ എസ് 400 മിസൈലുകളും!
അമേരിക്കയുടെ തീരുവ യുദ്ധത്തിന് പിന്നാലെ ഇന്ത്യയോട് കൂടുതല്‍ അടുത്ത് റഷ്യ. ഇന്ത്യയ്ക്ക് വലിയ വിലക്കിഴിവില്‍ ഇനിയും എണ്ണ നല്‍കാം എന്ന വാഗ്ദാനത്തിന് പിന്നാലെ പ്രതിരോധ മേഖലയിലേക്കും റഷ്യ സഹായത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് കൂടുതല്‍ എസ്-400 മിസൈല്‍ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ റഷ്യയില്‍ നടക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യയും റഷ്യയും എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സംവിധാനങ്ങളുടെ അധിക വിതരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് മുതിര്‍ന്ന റഷ്യന്‍ പ്രതിരോധ കയറ്റുമതി ഉദ്യോഗസ്ഥന്‍ റഷ്യന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. ഇന്ത്യ ഇതിനകം എസ്-400 പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും പുതിയ ഡെലിവറികള്‍ക്കായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റഷ്യയുടെ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി-ടെക്‌നിക്കല്‍ കോ-ഓപ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവ് പറഞ്ഞു.

ചൈനയുടെ വളര്‍ന്ന് വരുന്ന സൈനിക ശക്തിയെ ചെറുക്കുന്നതിനായി അഞ്ച് എസ്-400 ട്രയംഫ് സംവിധാനങ്ങള്‍ക്കായി 2018 ല്‍ ന്യൂഡല്‍ഹി മോസ്‌കോയുമായി 5.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ ഈ കരാര്‍ ആവര്‍ത്തിച്ചുള്ള കാലതാമസം നേരിട്ടു. എന്നാല്‍ അവസാന രണ്ട് യൂണിറ്റുകള്‍ ഇപ്പോള്‍ 2026 ലേക്കും 2027 ലേക്കുമായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം, റഷ്യയില്‍ നിന്ന് വിഭവങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്നും മോസ്‌കോ ഇതിനെ ആദരവോടെയാണ് കാണുന്നത് എന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഫ്രാന്‍സില്‍ നിന്നും ഇസ്രായേലില്‍ നിന്നും വര്‍ധിച്ചുവരുന്ന ആയുധ വാങ്ങലുകള്‍ക്കിടയിലും ഇന്ത്യയുടെ മുന്‍നിര ആയുധ വിതരണക്കാരായി റഷ്യ തുടരുന്നു.
2020 നും 2024 നും ഇടയില്‍, ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയായിരുന്നുവെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ദീര്‍ഘകാല തന്ത്രപരമായ പങ്കാളികളായ ഇന്ത്യയും റഷ്യയും നിരവധി പ്രതിരോധ പദ്ധതികളില്‍ സഹകരിച്ചിട്ടുണ്ട്. ടി -90 ടാങ്കുകളുടെയും സു -30 എംകെഐ യുദ്ധവിമാനങ്ങളുടെയും ലൈസന്‍സുള്ള നിര്‍മ്മാണം, മിഗ് -29, കാമോവ് ഹെലികോപ്റ്ററുകളുടെ വിതരണം, വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ (മുമ്പ് അഡ്മിറല്‍ ഗോര്‍ഷ്‌കോവ്), ഇന്ത്യയില്‍ എകെ -203 റൈഫിളുകളുടെ നിര്‍മ്മാണം, ബ്രഹ്‌മോസ് മിസൈല്‍ പ്രോഗ്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിനിടെ, ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനെതിരെ വിജയകരമായി തിരിച്ചടിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് വന്ന നിരവധി മിസൈലുകള്‍ തടഞ്ഞ് നശിപ്പിച്ചതിന്റെ ക്രെഡിറ്റ് എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിനാണ്.












Click it and Unblock the Notifications