തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യോമാക്രമണം
വാഷിംഗ്ടണ്‍: ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യോമാക്രണം തുടങ്ങി അമേരിക്ക. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട 85 ലധികം കേന്ദ്രങ്ങളില്‍ ആണ് വെള്ളിയാഴ്ച അമേരിക്ക ആക്രമണം നടത്തിയത്. ഇറാഖിലും സിറിയയിലും ആണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഞായറാഴ്ച ഇറാന്റെ ആക്രമണത്തില്‍ ജോര്‍ദാനില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനുള്ള മറുപടിയാണ് വ്യോമാക്രമണം എന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റോക്കറ്റുകള്‍, മിസൈലുകള്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്സ്, യുദ്ധോപകരണ വിതരണ ശൃംഖല സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ലക്ഷ്യങ്ങമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു എസ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണം തുടരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളുമാണ് അമേരിക്ക ആക്രമിച്ചത്. സംഭവത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ എതിരാളികളുടെ ആയുധങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞെന്നും സ്ട്രൈക്കുകള്‍ വിജയകരമായിരുന്നുവെന്ന് തോന്നുന്നുവെന്നും ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ യുഎസ് ലെഫ്റ്റനന്റ് ജനറല്‍ ഡഗ്ലസ് സിംസ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യു എസ് സൈനികര്‍ക്കെതിരായ ആദ്യ മാരകമായ ആക്രമണമായിരുന്നു ഞായറാഴ്ച ജോര്‍ദാനില്‍ നടന്നത്. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമെ 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ബൈഡനും പെന്റഗണ്‍ നേതാക്കളും ഡെലവെയറിലെ ഡോവര്‍ എയര്‍ഫോഴ്സ് ബേസില്‍ പങ്കെടുത്തിരുന്നു.
ഐആര്‍ജിസിക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെതിരെ കൂടുതല്‍ നടപടിക്ക് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇത് തങ്ങളുടെ പ്രതികരണത്തിന്റെ തുടക്കമാണ് എന്നും ഓസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ടെഹ്റാനും യുദ്ധം ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും പെന്റഗണ്‍ പറഞ്ഞു.
''ഞങ്ങള്‍ മിഡില്‍ ഈസ്റ്റിലോ മറ്റെവിടെയെങ്കിലുമോ സംഘര്‍ഷം തേടുന്നില്ല, പക്ഷേ അമേരിക്കന്‍ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ ഞാനും പ്രസിഡന്റും വെച്ചുപൊറുപ്പിക്കില്ല,'' ഓസ്റ്റിന്‍ പറഞ്ഞു. യു എസിന് ഇറാഖില്‍ ഏകദേശം 2500 സൈനികരും സിറിയയില്‍ 900 സൈനികരും ഉണ്ട്. മാരകമായ ഇസ്രായേലി ആക്രമണങ്ങള്‍ കാരണം സിറിയയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഐആര്‍ജിസി അടുത്തിടെ കുറച്ചിരുന്നു.
ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ 160-ലധികം തവണ യുഎസ് സൈനികര്‍ ആക്രമിക്കപ്പെട്ടു. അതേസമയം ആക്രമണങ്ങള്‍ ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഇറാഖ് അതിര്‍ത്തി പ്രദേശത്താണ് ആക്രമണം നടന്നതെന്നും മേഖലയില്‍ അസ്ഥിരതയ്ക്ക് തിരികൊളുത്തിയേക്കുമെന്നും ഇറാഖ് സൈന്യം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇറാഖ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇറാഖിലെ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ബാഗ്ദാദും വാഷിംഗ്ടണും സമ്മതിച്ച പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.












Click it and Unblock the Notifications