ഖത്തര്‍ പാഠമായി; വമ്പന്‍ പ്രഖ്യാപനവുമായി സൗദി അറേബ്യ, ലോകകപ്പിന് വേദിയാകാന്‍ ഒരു തടസം
റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ പത്ത് വര്‍ഷത്തോളം നീണ്ട ഒരുക്കമാണ് ഖത്തര്‍ നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ മൊത്തം പശ്ചാത്തലവും മെച്ചപ്പെടുമെന്ന നോട്ടം കൂടി ഖത്തര്‍ ഭരണകൂടത്തിനുണ്ടായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. 20000 കോടി ഡോളറാണ് ഖത്തര്‍ വേദിക്കും മറ്റുമായി ചെലവിട്ടതെന്നായിരുന്നു വാര്‍ത്തകള്‍.
ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് ജനം ഒഴുകുന്നതായിരുന്നു കാഴ്ച. ഫിഫ അധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാവരും ഖത്തറിന്റെ സംഘാടന മികവിനെ പുകഴ്ത്തുകയും ചെയ്തു. സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള പ്രമുഖര്‍ ഖത്തറിലെത്തി ഒരുക്കങ്ങള്‍ മനസിലാക്കിയിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നുതന്നെ ചില കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.

ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. ഇതിന് വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കുമെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. അടിമുടി മാറിക്കൊണ്ടിരിക്കുന്ന സൗദിക്ക് പുത്തന്‍ ഊര്‍ജം നല്‍കുന്നതാകും ഫിഫ ലോകകപ്പ് എന്ന് അധികൃതര്‍ മനസിലാക്കുന്നു. അതേസമയം, ലേലത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു രാജ്യവുമുണ്ടാകുമെന്നാണ് വിവരം.
2034ലെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്കാണ് സൗദി അറേബ്യ വേദിയാകാന്‍ ശ്രമിക്കുന്നത്. ഏഷ്യ, ഓഷ്യാന മേഖലയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. ആദ്യം തന്നെ കൈ പൊക്കിയിരിക്കുന്നത് സൗദി അറേബ്യയാണ്. അതേസമയം, ഓസ്‌ട്രേലിയയും ലേലത്തിനുണ്ടാകുമെന്നാണ് സൂചനകള്‍.
ഫുട്‌ബോള്‍ ലോകത്ത് സമീപകാലത്തായി സൗദി കൂടുതല്‍ ഇടപെടുന്നുണ്ട്. ലോകോത്തര താരങ്ങളെ സൗദിയിലെ ക്ലബ്ബുകളിലേക്ക് ആകര്‍ഷിച്ചും അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയുമാണ് സൗദിയുടെ ഇടപെടല്‍. ഈ വര്‍ഷത്തെ ഫിഫ ക്ലബ് ലോകകപ്പ്, 2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് എന്നിവയെല്ലാം സൗദിയിലേക്ക് ആകര്‍ഷിച്ചതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ട്.
അതേസമയം, 2030ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് മൂന്ന് രാജ്യങ്ങളാണ് വേദിയാകുക. മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ വേദിയാകും. അതേസമയം, ആദ്യ മൂന്ന് മല്‍സരങ്ങള്‍ ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലായിരിക്കും നടക്കുക. മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലാകും മല്‍സരങ്ങള്‍ എന്ന് ചുരുക്കം.
ലോകകപ്പിന് വേദിയാകാന്‍ 10 വര്‍ഷം മുമ്പ് തന്നെ സൗദി ഒരുക്കങ്ങള്‍ തുടങ്ങി എന്നാണ് വിലയിരുത്തപ്പെടുന്നത്. റൊണാള്‍ഡോ, നെയ്മര്‍, ബെന്‍സിമ എന്നിവരെല്ലാം സൗദി ക്ലബ്ബുകളിലെത്തിയത് ഇതിന്റെ ഭാഗമാണ്. വരാനിരിക്കുന്ന ലോകകപ്പ് മല്‍സരത്തിനും മൂന്ന് രാജ്യങ്ങളാണ് വേദിയാകുക. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026ലെ മല്‍സരങ്ങളില്‍ 48 ടീമുകള്‍ മാറ്റുരയ്ക്കുമെന്നതും പ്രത്യേകതയാണ്.












Click it and Unblock the Notifications