ആദ്യം സൗദി അറേബ്യ; ഇപ്പോള്‍ ഈജിപ്ത്... പശ്ചിമേഷ്യ ഇളകാന്‍ തുടങ്ങി, ഇടപെട്ട് യുഎഇ
റിയാദ്/കെയ്‌റോ: 129 ദിവസം മുമ്പാണ് ഹമാസ്-ഇസ്രായേല്‍ പ്രശ്‌നം ഏറ്റവും ഒടുവില്‍ രൂക്ഷമായിത്തുടങ്ങിയത്. ആദ്യം എല്ലാവരും ഇസ്രായേല്‍ ആക്രമണത്തിനെതിരെ രംഗത്തുവന്നെങ്കിലും പ്രതിഷേധ സ്വരം ഒടുവില്‍ ഇറാന്‍, ഹിസ്ബുല്ല, ഹൂതികള്‍ എന്നിവരില്‍ നിന്ന് മാത്രമായി. എന്നാല്‍ ഇപ്പോള്‍ എല്ലാം അട്ടിമറിഞ്ഞിരിക്കുന്നു. ഇസ്രായേലിനെ യുഎന്നില്‍ നിന്ന് പുറത്താക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുകയാണ്. വടക്കന്‍ ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ കൂട്ടത്തോടെ തെക്കന്‍ ഗാസയിലെത്തി. കഴിഞ്ഞ ദിവസം ഇസ്രായേല്‍ തെക്കന്‍ ഗാസയില്‍ ആക്രമണം നടത്തി മുപ്പതോളം പേരെ കൊലപ്പെടുത്തി. ഇനിയും ആക്രമണം തുടര്‍ന്നാല്‍ പലസ്തീന്‍കാര്‍ റഫാ അതിര്‍ത്തി കടക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രമുഖ രാജ്യങ്ങളുടെ സ്വരം മാറുന്നത്...

പലസ്തീനും ഈജിപ്തിനുമിടയിലുള്ള അതിര്‍ത്തിയാണ് റഫാ. ഈ നഗരത്തിലാണ് ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. പലായനം ചെയ്തത്തെയവര്‍ക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യുഎഇ, സൗദി, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.
റഫാ അതിര്‍ത്തി കടന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ ഈജിപ്തിലെ സിനായ് മരുഭൂമിയിലേക്ക് കടക്കുമെന്ന് ഈജിപ്ഷ്യന്‍ ഭരണകൂടം ഭയക്കുന്നു. ഗാസയിലെ പലസ്തീന്‍കാരെ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന് ഇസ്രായേലിന് നേരത്തെ പദ്ധതിയുണ്ട്. എന്നാല്‍ ഇവരെ സ്വീകരിക്കാനാകില്ലെന്ന് ഈജിപ്ത് പരോക്ഷമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മേഖല നേരിടുന്ന പുതിയ വെല്ലുവിളി.
ഈജിപ്തില്‍ പലസ്തീന്‍കാര്‍ക്ക് അനുകൂലമായ വികാരം ശക്തമാണ്. എന്നാല്‍ പലസ്തീന്‍കാര്‍ സിനായിലെത്തിയാല്‍ തിരിച്ചുപോകില്ലേ എന്ന ആശങ്ക ഭരണകൂടത്തിനുണ്ട്. പലസ്തീന്‍കാരുടെ പലായന ഭീതിയാണ് ഈജിപ്തിന്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇസ്രായേലിനെതിരെ സ്വരം കടുപ്പിച്ച് ഈജിപ്ത് രംഗത്തുവന്നിരിക്കുന്നത്.
ഇസ്രായേലുമായി ഒപ്പുവച്ച ക്യാമ്പ് ഡേവിഡ് കരാര്‍ റദ്ദാക്കുന്നത് ആലോചിക്കുമെന്നാണ് ഈജിപ്തിന്റെ ഭീഷണി. 1978ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറാണിത്. ഇതിന് മുമ്പ് അഞ്ച് യുദ്ധങ്ങള്‍ ഇസ്രായേലും ഈജിപ്തും തമ്മിലുണ്ടായിരുന്നു. ക്യാമ്പ് ഡേവിഡ് കരാറോടെ എല്ലാ തര്‍ക്കങ്ങളും അവസാനിക്കുകയും ഒട്ടേറെ സൗഹൃദ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
പലസ്തീന്‍ രാജ്യം നിലവില്‍ വരാതെ ഇസ്രായേലുമായി സൗഹൃദമില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുമായി അടുക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലിന് തിരിച്ചടിയാണ് ഈ നിലപാട്. അറബ് രാജ്യങ്ങളിലെ ജനവികാരം ഇസ്രായേലിനെതിരാണ്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ ഭരണകൂടങ്ങള്‍ പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. മാത്രമല്ല, പലസ്തീന്‍ വിഷയത്തില്‍ ഒരടി മുന്നില്‍ നിന്ന് ഇറാന്‍ സ്വാധീനം ശക്തമാക്കുമോ എന്ന ആശങ്കയും സൗദി സഖ്യരാജ്യങ്ങള്‍ക്കുണ്ട്.


Click it and Unblock the Notifications