ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയില്‍; രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ഭരണകൂടം
കാഠ്മണ്ഡു: ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഏഴ് മാസംകൊണ്ട് 16 ശതമാനം കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായത്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രാജ്യത്ത് രണ്ട് ദിവസം അവധി നല്‍കിയിരിക്കുകയാണ്. കൂടാതെ ഇറക്കുമതി നിയന്ത്രിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് നേപ്പാള്‍ ഭരണകൂടം.
സെന്‍ട്രല്‍ ബാങ്ക് ഓഫ് നേപ്പാളും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനും രണ്ട് ദിവസത്തെ അവധി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി കാബിനറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തിലേറെയായി തുടരുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധം, ആഗോള എണ്ണ വിലയില്‍ വലിയ വര്‍ദ്ധനവിന് കാരണമായി. മറ്റ് പ്രധാന എണ്ണ ഉല്‍പ്പാദകരായ ഇറാനും വെനസ്വേലയും പെട്രോളിയം വില്‍ക്കുന്നതില്‍ ഉപരോധം നേരിടുന്നു.

ടൂറിസത്തെ ആശ്രയിക്കുന്ന നേപ്പാള്‍ കൊവിഡ് അന്താരാഷ്ട്ര യാത്രകള്‍ നിര്‍ത്തിയതിന് ശേഷം അതിന്റെ വിദേശ കരുതല്‍ ശേഖരത്തില്‍ വലിയ മാന്ദ്യം നേരിടുന്നുണ്ട്. വിദേശനാണ്യ കരുതല്‍ ശേഖരം ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രമാണ്. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നേപ്പാളിന് ഏഴ് മാസത്തെ ചെലവിനുള്ള തുക മാത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാജ്യത്തിന്റെ കടമാകട്ടെ മൊത്ത വരുമാനത്തിന്റെ 43 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. അവശ്യവസ്തുക്കളുടെ വില രാജ്യത്ത് കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വിലയാണ് വര്‍ധിച്ചത്. ഇന്ധനവില സര്‍ക്കാര്‍ നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് രാജ്യത്തെ പുതുക്കിയ വില.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ കഴിഞ്ഞ ആഴ്ച പുറത്താക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാരവും പ്രവാസികള്‍ അയക്കുന്ന പണവുമാണ് നേപ്പാളിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. വരുമാനം കുറഞ്ഞതോടെ കൈയിലുള്ള വിദേശനാണ്യം ഇറക്കുമതിക്കായി ചെലവാക്കേണ്ട സ്ഥിതിയിലായി നേപ്പാള്‍.
അതേസമയം പ്രതിസന്ധിയെ നേരിടാന്‍, വിദേശത്ത് താമസിക്കുന്ന നേപ്പാള്‍ പൗരന്മാരോട് രാജ്യത്തെ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കുറഞ്ഞ് വരുന്ന കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ വിലകൂടിയ കാറുകള്‍, സ്വര്‍ണം, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയിലും നേപ്പാള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications