പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ചെക്ക് ഇന്‍ ചെയ്യാന്‍ വിമാനത്താവളത്തില്‍ വരേണ്ടതില്ല: ലഗേജും നല്‍കാം
ഷാർജ: യാത്രക്കാർക്ക് വിമാനത്താവളത്തില്‍ എത്താതെ തന്നെ ചെക്ക് ഇന്‍ ചെയ്യാവുന്ന 'സിറ്റി ചെക്ക് ഇന്‍' സംവിധാനം വിപുലീകരിച്ച് എയർ അറേബ്യ. ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ തുടങ്ങിയതിനു പിന്നാലെ ഇപ്പോള്‍ ഷാർജയിലും എയർ അറേബ്യ ജീവനക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുവെയ്‌ലയിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
രാവിലെ 10 മുതല്‍ രാത്രി 10 വരെ ഈ കേന്ദ്രത്തിലെത്തി യാത്രക്കാർക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കും. യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം. യാത്രക്കാർക്ക് അവരുടെ ലഗേജുകള്‍ ചെക്ക് ഇന്‍ കേന്ദ്രത്തില്‍ നല്‍കുന്നതിനോടൊപ്പം തന്നെ ബോർഡിങ് പാസും ഇവിടെ നിന്ന് തന്നെ സ്വന്തമാക്കാന്‍ സാധിക്കും. സിറ്റി ചെക്ക് ഇന്‍ സംവിധാനം പൂർത്തീകരിച്ച് കഴിഞ്ഞാല്‍ ആളുകള്‍ക്ക് യാത്രയുടെ സമയത്ത് മാത്രം വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയാകും.

ഇതിലൂടെ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടികള്‍ വലിയ രീതിയില്‍ ലഘൂകരിക്കാന്‍ സാധിക്കും. സുരക്ഷ നടപടികള്‍ മാത്രമായിരിക്കും പിന്നീട് യാത്രക്കാരന് പ്രധാനമായും പൂർത്തികരിക്കേണ്ടി വരിക. വിമാനക്കമ്പനികള്‍ക്കും യാത്രക്കാർക്കും സിറ്റി ചെക്ക് ഇന്‍ സംവിധാനം ഒരു പോലെ ഉപകാരപ്രദമാണ്. ദുബായിലും അബുദാബിയിലും ഇതിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും യാത്രചെയ്യുന്നവർക്ക് ഷാർജ, റാസൽ ഖൈമ, അജ്മാൻ, അൽ ഐൻ എന്നിവിടങ്ങളിലെ 6 സിറ്റി ചെക്ക്-ഇൻ സൗകര്യങ്ങളിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിമാനത്താവളത്തിലെ സാധാരണ ചെക്ക് ഇന്നില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സിറ്റി ചെക്ക് ഇന്നിൽ ലഭിക്കും. കൂടുതല്‍ ബാഗേജ് ആവശ്യമായവർക്ക് പണം നല്‍കി വാങ്ങാവുന്നതാണ്. ഇഷ്ടമുള്ള സീറ്റും ഇവിടെ നിന്നും തിരഞ്ഞെടുക്കാം.
റാസൽഖൈമ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റിലുള്ളവർ പൊതുവെ യാത്ര ചെയ്യുന്നത് ഷാർജ വിമാനത്താവളം വഴിയാണ്. 24 മണിക്കൂർ മുൻപ് ചെക്ക് ഇൻ തുറക്കുമെന്നത് മറ്റ് എമിറേറ്റിലുള്ളവർക്കാണ് കൂടുതല്‍ ഉപകാരപ്രദം. സാധാരണ ചെക്ക് ഇന്‍ സംവിധാനത്തെ ആശ്രയിക്കുകയാണെങ്കില്‍ ദീർഘനേരം വിമാനത്താവളത്തില്‍ ചിലവഴിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സിറ്റി ചെക്ക് ഇന്‍ സംവിധാനം ഇത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം നല്‍കുന്നു.












Click it and Unblock the Notifications