എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ ഷെല്‍ട്ടറില്‍ ഒളിച്ചു, ഇറാന്‍ പ്രസിഡന്റിന്റെ വസതിയിലും സ്‌ഫോടനം
ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയ പിന്നാലെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ മുന്‍കരുതല്‍ നടപടിയാണിത്. ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം യാത്ര റദ്ദാക്കിയത്. ഒരാഴ്ച സര്‍വീസ് നടത്തേണ്ട എന്നാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
ഇസ്രായേല്‍ വ്യോമ പാത അടച്ചിട്ടുണ്ട്. ഏത് സമയവും ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്നു. ഇവ നേരിടാന്‍ ഇസ്രായേല്‍ എല്ലാ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കി. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിയും ഓഫീസും ആക്രമിക്കപ്പെട്ട എന്നാണ് വാര്‍ത്തകള്‍. ഇറാനിലെ 30 കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. ഇസ്രായേല്‍ സൈന്യത്തിനൊപ്പം അമേരിക്കന്‍ സൈന്യവും ആക്രമണത്തില്‍ പങ്കാളിയായി എന്നാണ് എപി റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യയുടെ എഐ140 വിമാനമാണ് ടെല്‍ അവീവില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായിരുന്നത്. ന്യൂഡല്‍ഹിയിലേക്കായിരുന്നു വിമാനം. എല്ലാ യാത്രക്കാരും ബാഗുകളും മറ്റും ഒഴിവാക്കി ബോംബ് ഷെല്‍ട്ടറുകളില്‍ ഒളിക്കുകയായിരുന്നു. എല്ലാം മറന്നേക്കൂ, വേഗം ഷെല്‍ട്ടറില്‍ അഭയം തേടൂ എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത് എന്ന് ഒരു യാത്രക്കാരന്‍ പിടിഐയോട് പ്രതികരിച്ചു.
ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുത് എന്നും എല്ലാവരും ഷെല്‍ട്ടറിന് അടുത്ത് കഴിയണം എന്നുമാണ് എംബസി നല്‍കിയിരിക്കുന്ന നിര്‍ദേശം. എല്ലാ പൗരന്മാരും എത്രയും വേഗം ഇറാന്‍ വിട്ടുപോരണം എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഷീല്‍ഡ് ഓഫ് ജൂദ
ഷീല്‍ഡ് ഓഫ് ജൂദ എന്ന പേരിലാണ് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയിരിക്കുന്നത്. ഇറാന്‍ ആത്മീയ നേതാവ് അലി ഖാംനഇയുടെ ഓഫീസ്, പ്രസിഡന്റിന്റെ വസതി, ഓഫീസ്, ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫീസ് തുടങ്ങി തന്ത്ര പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് ഇസ്രായേലും അമേരിക്കയും ആക്രമിച്ചത് എന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
ഖാംനഇയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
ടെഹ്‌റാന് പുറമെ ഇസ്ഫഹാന്‍, ഖും, ഖറജ്, കെര്‍മന്‍ഷാ എന്നിവിടങ്ങളിലും ഇസ്രായേലിന്റെ മിസൈലുകള്‍ പതിച്ചു. 30 ഇടങ്ങളില്‍ ഒരേ സമയം ആയിരുന്നു ആക്രമണങ്ങള്‍. ആത്മീയ നേതാവിന്റെ വസതി സ്ഥിതി ചെയ്യുന്ന സ്ഥലത്തും മിസൈല്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ ആത്മീയ നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിശ്ചയിച്ച തിയ്യതിക്ക് മുമ്പ് ഇസ്രായേല്‍ ആക്രമണം
ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിശ്ചയിച്ച തിയ്യതിക്ക് ആഴ്ചകള്‍ മുമ്പാണ് ഇപ്പോള്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ ശ്രമിക്കുകയും മിസൈല്‍ പദ്ധതി ആരംഭിക്കുകയും ചെയ്തു എന്ന് ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
ആകാശ മാര്‍ഗവും കടലില്‍ നിന്നും അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാനാണ് ആക്രമണം എന്ന് ട്രംപ് പറയുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു.












Click it and Unblock the Notifications