ബോംബുകള്‍ തുരുതുരാ പതിച്ചു... എണ്ണിയെടുക്കാനാകാതെ മൃതദേഹങ്ങള്‍!! കളിച്ചുകൊണ്ടിരുന്ന കുട്ടികളും
സന്‍ആ: വര്‍ഷങ്ങളായി യുദ്ധ ഭൂമിയാണ് യമന്‍. ചുറ്റുമുള്ള അറബ് സമ്പന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ നോക്കുന്ന ദരിദ്ര ഭൂമി. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യമനില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് ഇപ്പോഴും അറുതിയില്ല. കഴിഞ്ഞ ദിവസം യമനിലെ രണ്ടിടത്താണ് ശക്തമായ മിസൈല്‍ ആക്രമണങ്ങളും ബോംബാക്രമണങ്ങളുമുണ്ടായത്. മരണം നൂറോളം. സഅദ ഗവര്‍ണറേറ്റിലെ ജയിലിലും ഹുദൈദ തുറമുഖത്തോട് ചേര്‍ന്ന പ്രദേശത്തുമായിരുന്നു ആക്രമണം. ജയിലിന് മുകളില്‍ നിരവധി ബോംബുകളാണ് പതിച്ചത്. 70 ലധികം പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ സംഭവത്തെ അപലപിച്ചു.
ഹുദൈദയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഇവിടെ തുടര്‍ച്ചയായ ആക്രമണം കാരണം ടെലികമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായിട്ടുണ്ട്. കുടിയേറ്റക്കാരും കുട്ടികളുമെല്ലാം കൊല്ലപ്പെട്ടെന്നും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആക്രമണം നടന്നതെന്നും യുഎന്‍ ഏജന്‍സിയായ സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു.

യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് യമനില്‍ ശക്തമായ തിരിച്ചടി നല്‍കുകയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന. അബുദാബിയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രധാന സ്ഥലമാണ് സഅദ. ഇവിടെയാണ് സഖ്യ സേന ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. സഅദയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അറിയിച്ചു.
ജയിലിലെ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 138 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ ഉയരുകയാണെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യഹിയ ഷയിം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ബോംബാക്രമണത്തില്‍ ജയിലിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇതിനിടയില്‍ നിരവധി പേര്‍ കുടുങ്ങി. 50 ലധികം പേര്‍ കെട്ടിടത്തിനടിയിലുണ്ടെന്നാണ് കരുതുന്നത്.
ആക്രണങ്ങള്‍ കാരണം യമനില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് തടസം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ വൈകിയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഐക്യരാഷ്ട്രസഭയുടേത് ഉള്‍പ്പെടെയുള്ള വിവധ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളാണ് പ്രധാനമായും പുറത്തുവരുന്നത്. തിങ്കളാഴ്ച അബുദാബിയില്‍ നടന്ന ആക്രമണ ശേഷമാണ് അറബ് സഖ്യസേന യമനില്‍ ആക്രമണം ശക്തമാക്കിയത്. അബുദാബിയിലെ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഹുദൈദയിലെ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സൗദി സഖ്യ സേന, സഅദയിലെ ആക്രമണത്തിന് പിന്നില്‍ ആര് എന്ന് വ്യക്തമല്ലെന്നും അറിയിച്ചു.












Click it and Unblock the Notifications