വിമാന അപകടം; ലൈഫ് ജാക്കറ്റ് ധരിച്ച മൃതദേഹം കണ്ടെത്തി?
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോകവെ ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരന്റെ മൃതദേഹം ലൈഫ് ജാക്കറ്റ് ധരിച്ചരീതിയില്‍ കണ്ടെത്തി. ഇതോടെ വിമാന അപകടത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിച്ചു. വിമാനം തകരും മുന്‍പ് യാത്രക്കാര്‍ക്ക് മുന്നറിപ്പ് ലഭിച്ചിരുന്നതായും വെള്ളത്തില്‍ വീണശേഷം വിമാനം പിളരുകയായിരുന്നെന്നും വിദഗ്ധര്‍ സംശയിക്കുന്നു.
വിമാനം വായുവില്‍വെച്ച് തന്നെ തകര്‍ന്നതാകാമെന്നായിരുന്നു നേരത്തെയുള്ള നിഗമനം. തകര്‍ന്ന വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ശരിയായ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂ. ലൈഫ് ജാക്കറ്റ് ധരിച്ചാണ് യാത്രക്കാര്‍ കടലില്‍ വീണതെങ്കില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയവും ബലമായിട്ടുണ്ട്.

മോശം കാലാവസ്ഥതന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥയെക്കുറിച്ച് ശരിയായ വിവരം പൈലറ്റിന് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന കാര്യം ദുരൂഹമാണ്. എന്നാല്‍ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചോ വിമാനം തകര്‍ന്നതിനെക്കുറിച്ചോ പ്രതികരിക്കാന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ തയ്യാറായില്ല.
തകര്‍ന്ന വിമനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയുമാണ് തങ്ങളെ പ്രഥമ പരിഗണനയെന്ന് അവര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും രണ്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും തിരച്ചിലിന് വിഘാതമാകുന്നുണ്ട്. ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത്.












Click it and Unblock the Notifications