എയര്‍ ഏഷ്യ വിമാനം കടലിന്റെ അടിത്തട്ടില്‍
ജക്കാര്‍ത്ത: 162 യാത്രക്കാരുമായി കാണാതായ എയര്‍ ഏഷ്യ വിമാനം ക്യുസെഡ് 8501 ജാവ കടലിന്റെ അടിത്തട്ടിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ സുരക്ഷാ ഏജന്‍സി തലവനായ സൊലിസ്‌റ്റ്യോ ആണ് റിപ്പോര്‍ട്ടര്‍മാരോട് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് വിമാനം ഇപ്പോള്‍ കടലിലാണ്. ഇപ്പോള്‍ അത് കടലിന്റെ അടിത്തട്ടിലെത്തിയിട്ടുണ്ടാവണം.
ജാവയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ കുട്ടികളാണ്. ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ എയര്‍ബസ് വിമാനം ഡിസംബര്‍ 28 ന് രാവിലെയാണ് കാണാതായത്.

രാവിലെ എട്ടരയോടെ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു എയര്‍ ഏഷ്യ വിമാനം ക്യുസെഡ് 8501. ജാവ കടലിന് മുകളില്‍ ആകാശം മേഘാവൃതമായിരുന്നെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ വിവരം പൈലറ്റിന് കിട്ടാത്തതാണ് അപകട കാരണമായത് എന്നാണ് കരുതപ്പെടുന്നത്. വിമാനം വിപരീത ദിശയിലേക്ക് മാറ്റുന്നതിന് പൈലറ്റ് അനുമതി ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370 ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് അടുത്ത വിമാന ദുരന്തം ഉണ്ടായിരിക്കുന്നത്. ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും തിരച്ചില്‍ വിമാനങ്ങളാണ് ഇപ്പോള്‍ ക്യുസെഡ് 8501 ന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. അമേരിക്ക, ബ്രിട്ടന്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications