യുഎസിൽ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്; 4 മരണം
വാഷിങ്ടൺ: യുഎസിലെ അലബാമ സംസ്ഥാനത്ത് ജന്മദിന ആഘോഷത്തിനിടെ വെടിവെപ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ 16ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ മോണ്ട്‌ഗോമറിയുടെ വടക്കുകിഴക്കുള്ള ഡാഡെവില്ലെയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ ശനിയാഴ്ച രാത്രി നടന്ന ജന്മദിനാഘോഷത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
'നിലവിൽ നാല് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്'- അലബാമ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. വെടിവെപ്പിന് പിന്നാലെ അക്രമി ഓടി രക്ഷപെട്ടു. സംഭവത്തിനു പിന്നിൽ ആരാണ് എന്നതും വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.

ഇരകളിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്ന് ഇവിടുത്തെ പുരോഹിതരിൽ ഒരാളായ ബെൻ ഹെയ്‌സ് പറഞ്ഞു. തനിക്ക് ഈ വിദ്യാർഥികളിൽ പലരെയും അറിയാമായിരുന്നു. 'ഡാഡെവില്ലെ ഒരു ചെറിയ പട്ടണമാണ്. അക്രമം ഈ പ്രദേശത്തെ എല്ലാവരെയും ബാധിക്കും'- ബെൻ ഹെയ്സ് സംഭവത്തെക്കുറിച്ച് പറഞ്ഞു.
ശനിയാഴ്ച ഓൾഡ് ലൂയിവില്ലെയിൽ നടന്ന മറ്റൊരു വെടിവെപ്പിൽ രണ്ട് പേർ മരിച്ചിരുന്നു. ചിക്കാസോ പാർക്കിൽ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ആറ് പേർക്ക് വെടിയേറ്റിരുന്നു. നാല് പേർ ചികിത്സയിലാണ്.












Click it and Unblock the Notifications