ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് 62-ാം വയസില്‍ വിവാഹം; മോതിരം വേദിയില്‍ കൊണ്ടുവന്നത് വളര്‍ത്തുനായ
കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വിവാഹിതനായി. തന്റെ 62 വയസിലാണ് ദീര്‍ഘകാല പങ്കാളിയായിരുന്ന 46 കാരിയായ ജോഡി ഹെയ്ഡനെ വിവാഹം കഴിക്കുന്നത്. ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ദി ലോഡ്ജിന്റെ പൂന്തോട്ടത്തില്‍ ഒരുക്കിയ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തീര്‍ത്തും സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
അതിഥികള്‍ വിതറുന്ന വര്‍ണക്കടലാസുകള്‍ക്കിടയിലൂടെ യുവ ദമ്പതികളെ പോലെ പങ്കാളിയുടെ കൈപിടിച്ചു നടക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വീഡിയോയാണ് എക്‌സില്‍ പങ്കുവെച്ചത്. മാരീഡ് (വിവാഹിതരായി) എന്നു മാത്രമാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ ആദ്യമായി വിവാഹിതനാകുന്ന പ്രധാനമന്ത്രിയാണ് ആന്റണി ആല്‍ബീനീസി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിവാഹ ചടങ്ങ് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.

കറുത്ത നിറത്തിലുള്ള ഫോര്‍മല്‍ സ്യൂട്ട് ആണ് പ്രധാനമന്ത്രി ധരിച്ചത്. വധുവാകട്ടെ വെള്ള നിറമുള്ള നീളന്‍ ഗൗണും. 'ഞങ്ങളുടെ കുടുംബങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഭാവി ജീവിതം ഒരുമിച്ച് ചെലവഴിക്കുന്നതിനുള്ള സ്‌നേഹവും പ്രതിബദ്ധതയും അറിയിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ദമ്പതികള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു
2024-ലെ വാലന്റൈന്‍സ് ദിനത്തിലാണ് ആന്റണി ആല്‍ബനീസി ജോഡിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്റെ ജീവിതകാലം മുഴുവന്‍ നിന്നോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പ്രധാനമന്ത്രി പ്രണയിനിയോട് പറഞ്ഞത്. കാര്‍മികന്റെ സാന്നിധ്യത്തില്‍ പ്രതിജ്ഞകള്‍ എഴുതി നല്‍കിയാണ് ഇരുവരും വിവാഹിതരായത്. ധനകാര്യ സേവന മേഖലയിലാണ് ജോഡി ജോലി ചെയ്യുന്നത്.
ചടങ്ങിലെ മുഖ്യ ആകര്‍ഷണം പ്രധാനമന്ത്രിയുടെ വളര്‍ത്തുനായയായ ടോട്ടോയായിരുന്നു. നിറയെ വെള്ള രോമമുള്ള കാവൂഡില്‍ എന്ന ഇനത്തില്‍പ്പെട്ട നായയാണ് ടോട്ടോ. ടോട്ടോയാണ് ദമ്പതികള്‍ക്കുള്ള വിവാഹമോതിരം വിവാഹ വേദിയിലേക്കു കൊണ്ടുവന്നത്. നവദമ്പതികള്‍ തിങ്കളാഴ്ച മുതല്‍ ഓസ്‌ട്രേലിയയില്‍ അഞ്ചു ദിവസത്തെ ഹണിമൂണിനായി പോകും.
2019 ല്‍ ആണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസി മുന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞത്. ഇതില്‍ പ്രായപൂര്‍ത്തിയായ ഒരു മകനുണ്ട്. അഞ്ചു വര്‍ഷം മുമ്പാണ് മെല്‍ബണില്‍ നടന്ന ഒരു ഡിന്നറില്‍ വച്ച് ഹെയ്ഡ്‌നെ കണ്ടുമുട്ടിയത്.
ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തോടെ ലേബര്‍ പാര്‍ട്ടി നേതാവായ ആന്റണി ആല്‍ബീനീസി രണ്ടാമത്തെ തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെയാണ് അദ്ദേഹം ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സിഡ്‌നി സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് രാഷ്ട്രീയ നേതാവായി ഇദ്ദേഹം ഉയര്‍ന്നുവന്നത്.












Click it and Unblock the Notifications