പരമോന്നത നേതാവ് അലി ഖാംനഇയുടെ ഭാര്യ കൊല്ലപ്പെട്ടില്ല? വാര്‍ത്തകളില്‍ പ്രതികരണവുമായി ഇറാന്‍
ടെഹ്‌റാന്‍: ലോകത്തെ നടുക്കിയ സംഭവമായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടത്. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസിന്റെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തില്‍ ഖാംനഇയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടു കൂടി പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. എന്നാലിപ്പോള്‍ സുപ്രധാന വെളിപ്പെടുത്തലുമായി ഇറാനിലെ വാര്‍ത്താ ഏജന്‍സി രംഗത്തു വന്നിരിക്കുകയാണ്.
അലി ഖാംനഇയുടെ ഭാര്യ മന്‍സൂറെ ഖോജസ്‌തെ ബാഗര്‍സാദെ കൊല്ലപ്പെട്ടുവെന്ന രീതിയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ ഇറാനിയന്‍ സ്റ്റേറ്റ് അഫിലിയേറ്റഡ് മാധ്യമമായ ഫാര്‍സ് നിഷേധിച്ചു. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇവര്‍ സുരക്ഷിതയാണെന്നും മരിച്ചെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്നും റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തിനിടെ ഇറാനില്‍ നടന്ന സൈനിക നീക്കങ്ങളില്‍ മന്‍സൂറെ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഫെബ്രുവരി അവസാനം നടന്ന ആക്രമണത്തില്‍ അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ സ്ഥിതിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നത്. അന്നത്തെ ആക്രമണത്തില്‍ ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക വൃത്തങ്ങള്‍ ഈ വാര്‍ത്തകളോടു പ്രതികരിച്ചിരുന്നില്ല.
ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖാംനഇ രാജ്യത്തോടുള്ള തന്റെ ആദ്യ സന്ദേശത്തില്‍ ദേശീയ സുരക്ഷയെക്കുറിച്ചും ശത്രുക്കള്‍ക്കെതിരെയുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിച്ചെങ്കിലും കുടുംബത്തിലെ മരണങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ വീണ്ടും വര്‍ധിക്കാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കി ഫാര്‍സ് വാര്‍ത്താ ഏജന്‍സി രംഗത്തെത്തിയത്.
പൊതുവേദികളിലോ ഔദ്യോഗിക ചടങ്ങുകളിലോ വളരെ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് മന്‍സൂറെ. അവരുടെ അതീവ രഹസ്യ സ്വഭാവമുള്ള ജീവിത രീതിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പെട്ടെന്ന് പടരാന്‍ ഒരു കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യുദ്ധസാഹചര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ പുറംലോകം അറിയുന്നതിലെ പരിമിതികളും ഇത്തരം തെറ്റായ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. നിലവില്‍ ഇറാന്‍ നേതൃത്വവുമായി ബന്ധപ്പെട്ട പല പ്രമുഖരെക്കുറിച്ചും വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും മന്‍സൂറെയുടെ കാര്യത്തില്‍ ഇറാന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications