യുഎഇയെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകള്‍ വീണ്ടും; വെടിവച്ചിട്ട് സൈന്യം, എന്തിനും തയ്യാര്‍
ദുബായ്: യുഎഇയിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം. അതിര്‍ത്തി കടന്ന ഡ്രോണുകള്‍ സൈന്യം വെടിവച്ച് തകര്‍ത്തു. യമനിലെ ഹൂതികള്‍ ആക്രമണം ശക്തമാക്കുമെന്ന് പറഞ്ഞ പിന്നാലെയാണ് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയത്. അടുത്തിടെ നിരവധി ആക്രമണങ്ങളാണ് യുഎഇക്ക് നേരെയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവമെന്നും പ്രതിരോധ മന്ത്രാലയം കരുതുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഹൂതികള്‍ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഇസ്രായേല്‍ പ്രസിഡന്റ് രാജ്യത്തെത്തിയിരിക്കെ യുഎഇയിലേക്ക് മിസൈല്‍ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഏത് തരത്തിലുള്ള ഭീഷണിയും നേരിടാന്‍ യുഎഇ സൈന്യം തയ്യാറാണ് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. സൗദിക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തിയിരുന്ന ഹൂതികള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയിലേക്കും മിസൈലുകള്‍ തൊടുത്തുവിടുകയാണ്. യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം എന്ന് വിലയിരുത്തുന്നു.
അതേസമയം, യുഎഇയുടെ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈനികരെത്തും. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ തീരുമാനം. ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ ചര്‍ച്ച നടത്തി. അമേരിക്കയുടെ യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനവും യുഎഇയിലേക്ക് എത്തും.
യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം. ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കും. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കും. ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. സഖ്യസേനയുടെ സൈനിക നീക്കത്തിന് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ. സൗദിയും യുഎഇയും ചേര്‍ന്നാണ് യമനില്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ഇതിനുള്ള തിരിച്ചടിയായിട്ടാണ് ഇരുരാജ്യങ്ങളെയും ഹൂതികള്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications