
എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ചൈനക്ക് മേല്‍ 10 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ചുമത്തണം: ട്രംപ്
വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഒരു രാഷ്ട്രീയ പ്രസംഗവുമായി പ്രവര്‍ത്തകരുടെ ഇടയിലേക്ക് എത്തുന്നത്. "നമ്മുടെ രാജ്യം നമ്മുടെ സ്വന്തം കൺമുന്നിൽ നശിപ്പിക്കപ്പെടുന്നു. " എന്നായിരുന്നു നോർത്ത് കരോലിനയിൽ നടന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
ജോ ബൈഡന് ഭരണകൂടത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് 90 മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ട്രംപ് നടത്തിയത്. ഇപ്പോഴത്തെ നേതൃത്വം ചൈനയ്ക്ക് വഴങ്ങുകയാണെന്നും, ലോക വേദിയിൽ രാജ്യം അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പ് മുതൽ എല്ലാ തലത്തിലും റിപ്പബ്ലിക്കൻമാരെ തിരഞ്ഞെടുക്കാനുള്ള നമ്മുടെ കഴിവ് അമേരിക്കയുടെ അതിജീവനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങൾ നമ്മുടെ അതിർത്തിയിലേക്ക് നോക്കു, അത് തുറന്ന് കിടക്കുകയാണ്. നിയമവിരുദ്ധമായ കുടിയേറ്റം നമ്മൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തലത്തിലേക്ക് ഉയരുകയാണ്, ഇത് കുറച്ച് മാസങ്ങൾക്കുള്ളിലാണ് വര്‍ധിച്ചത്. മയക്കുമരുന്ന് ഒഴുകുന്നു, ഗ്യാസ് വില കുതിച്ചുയരുന്നു, നമ്മുടെ വ്യവസായങ്ങൾ വിദേശ സൈബർ ആക്രമണങ്ങളാൽ കൊള്ളയടിക്കപ്പെട്ടു. ഇടതുപക്ഷ സംസ്കാരം നമ്മുടെ സ്വാതന്ത്ര്യത്തെ മറികടക്കുന്നു, ബൈഡന് ഭരണകൂടം വിഷലിപ്തമായ വിമർശനാത്മക വംശീയ സിദ്ധാന്തത്തെയും നിയമവിരുദ്ധമായ വിവേചനത്തെയും സ്കൂളുകളിലൂടെ നമ്മുടെ കുട്ടികളിലേക്ക് കുത്തികയറ്റുകയാണ്, "- ഡൊണാള്‍ഡ് ട്രംപ പറയുന്നു.
കൊവിഡ് മാഹമാരി ഉണ്ടാക്കിയതിന് ചൈന നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു, "തങ്ങൾ വരുത്തിയ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാൻ കുറഞ്ഞത് 10 ട്രില്യൺ ഡോളറിന്റെ നഷ്ടപരിഹാരം ചൈനയ്ക്ക് വിധിക്കാന്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം"- അദ്ദേഹം പറഞ്ഞു. "അത് വളരെ കുറഞ്ഞ സംഖ്യയാണ്. നാശനഷ്ടം അതിനെക്കാൾ വളരെ വലുതാണ്. ആദ്യ ഘട്ടമെന്ന നിലയിൽ, എല്ലാ രാജ്യങ്ങളും ചൈനയ്ക്ക് നൽകാനുള്ള കടം നഷ്ടപരിഹാരമായി അടയ്ക്കേണ്ട ഒന്നായി റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.