'റഷ്യയുടെ ലക്ഷ്യം ഞാനും കുടുംബവും', യുക്രൈൻ വിട്ട് പോകില്ലെന്ന് പ്രസിഡണ്ട് സെലെന്‍സ്‌കി
കീവ്: റഷ്യയുടെ ആദ്യ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബവും ആണെന്ന് യുക്രൈന്‍ പ്രസിഡണ്ട് വൊളോഡിമര്‍ സെലെന്‍സ്‌കി. വെള്ളിയാഴ്ച രാവിലെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് സെലെന്‍സ്‌കിയുടെ പ്രതികരണം. രാജ്യത്തിന്റെ ഭരണാധികാരിയെ ഇല്ലാതാക്കിക്കൊണ്ട് യുക്രൈനെ രാഷ്ട്രീയമായി തകര്‍ക്കുകയാണ് റഷ്യയുടെ ഉദ്ദേശമെന്നും സെലെന്‍സ്‌കി പറഞ്ഞു.
Recommended Video
താനോ കുടുംബമോ യുക്രൈന്‍ വിട്ട് പോകില്ലെന്നും പ്രസിഡണ്ട് വ്യക്തമാക്കി. താന്‍ രാജ്യതലസ്ഥാനത്ത് തന്നെയുണ്ടാകും. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാറ്റോയുടെ അടക്കം സഹായം യുക്രൈന് ലഭിക്കാത്തതില്‍ സെലെന്‍സ്‌കി നിരാശ പ്രകടിപ്പിച്ചു യുക്രൈന് എതിരെയുളള റഷ്യയുടെ സൈനിക നീക്കത്തെ തടയാന്‍ മോസ്‌കോയ്ക്ക് മേല്‍ ഉപരോധങ്ങള്‍ ചുമത്തിയത് കൊണ്ട് മാത്രം സാധിക്കില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ഇപ്പോള്‍ യുക്രൈന്‍ തനിച്ചാണ് റഷ്യയെ പ്രതിരോധിക്കുന്നത്. ലോകം ഇപ്പോഴും നിശ്ചിത അകലം പാലിച്ച് യുക്രൈനിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സെലെന്‍സ്‌കി പ്രതികരിച്ചു.

യുക്രൈന്‍ തനിച്ച് പൊരുതുമ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം ദൂരത്ത് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു എന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ സെലന്‍സ്‌കി കുറ്റപ്പെടുത്തി. ഇന്നലെ റഷ്യയ്ക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ മണ്ണില്‍ നിന്ന് ഈ വിദേശ ശക്തിയെ തുരത്താന്‍ ഉപരോധം പോര. യുക്രൈന് ഒപ്പം നിന്നു കൊണ്ടും ഇച്ഛാശക്തി കൊണ്ടും മാത്രമേ അത് സാധ്യമാവുകയുളളൂ എന്നും സെലെന്‍സ്‌കി പറഞ്ഞു.
ഇന്ന് നാം കേള്‍ക്കുന്നത് റോക്കറ്റ് സ്‌ഫോടനങ്ങളുടേയും യുദ്ധത്തിന്റെയും യുദ്ധവിമാനങ്ങളുടേയും ശബ്ദം മാത്രമല്ല. സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ നിന്നും റഷ്യ ഒരു ഇരുമ്പ് മറയിട്ട് തങ്ങളെ മറക്കുന്നതിന്റെ ശബ്ദം കൂടിയാണ് എന്നും യൂറോപിന് റഷ്യയെ ഭയമാണ് എന്നും സെലന്‍സ്‌കി പറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെയാണ് റഷ്യയുക്രൈന് മേല്‍ ആക്രമണത്തിന് തുടക്കമിട്ടത്. കര മാര്‍ഗവും കടല്‍ മാര്‍ഗവും വ്യോമ മാര്‍ഗവും യുക്രൈനെ റഷ്യയുടെ സൈന്യം വളഞ്ഞ് ആക്രമിച്ചു. ഇന്നലെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ പിടിച്ചെടുത്തിരുന്നു. ഇരുഭാഗത്ത് നിന്നുമായി നൂറിലധികം ആളുകള്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.യുദ്ധത്തിന്റെ രണ്ടാം ദിവസമായ ഇന്ന് റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തിയിരിക്കുകയാണ്.












Click it and Unblock the Notifications